പാരീസ് : മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തോൽപ്പിച്ച് നിലവിലെ ചാമ്പ്യനും ഒന്നാം നമ്പർ താരവുമായ ഇഗ ഷ്വാംടെക്ക്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6(7-1),1-6,7-5 എന്ന സ്കോറിനാണ് ഇഗ നവോമിയെ തോൽപ്പിച്ചത്. കുറച്ചുനാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന നവോമി തിരിച്ചുവരവിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ സെറ്റിൽ ടൈബ്രേക്കറിൽ ഇഗ വിജയം കണ്ടെങ്കിലും രണ്ടാം സെറ്റിൽ നവോമി ശക്തമായി തിരിച്ചുവന്നു. തുടക്കം മുതൽ ഇഗയുടെ സർവുകൾ ബ്രേക്ക് ചെയ്ത് മുന്നേറിയ നവോമി 6-1ന് സെറ്റ് സ്വന്തമാക്കിയതോടെ കളി മൂന്നാം സെറ്റിലേക്ക് നീണ്ടു. മൂന്നാം സെറ്റിൽ മാച്ച് പോയിന്റ് സേവ് ചെയ്ത് മത്സരത്തിലേക്ക് തിരിച്ചുവന്നാണ് ഇഗ വിജയം കണ്ടത്.
കഴിഞ്ഞ ദിവസം നടന്ന മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഡാനിൽ മെദ്‌വദേവ്, അര്യാന സബലേങ്ക,എലിന സ്വിറ്റോളിന,എലിന റൈബാക്കിന തുടങ്ങിയവർ വിജയം നേടി. ലോക രണ്ടാം റാങ്ക് താരമായ സബലേങ്ക ജപ്പാന്റെ ഉച്ചിജിമയെ 6-2,6-2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. സ്വിറ്റോളിന 6-4,7-6ന് ഫ്രാൻസിന്റെ ഡയാന പാരിയെ കീഴടക്കിയപ്പോൾ റൈബാക്കിന 6-3,6-4ന് ഹോളണ്ടിന്റെ അരാന്ത റൂസിനെ തോൽപ്പിച്ചു.