f

ഷിപോൾ: വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിപോൾ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് ഒരുങ്ങവെ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് വിമാനം പുറപ്പെടാനിരിക്കെ യാത്രക്കാരൻ ടർബൈൻ ബ്ലേഡുകൾക്കിടയിൽപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇയാൾ എങ്ങനെയാണ് കുരുങ്ങിയതെന്ന് വ്യക്തമല്ല.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നെതർലാൻഡ് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ദാരുണ സംഭവത്തിന് സാക്ഷികളാകേണ്ടി വന്നവർക്ക് കൗൺസലിംഗ് സഹായങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ഡച്ച് മാദ്ധ്യമങ്ങൾ പറയുന്നു.

യൂറോപ്പിലും പരിസരത്തുമായി സർവീസ് നടത്തിയിരുന്ന കെ.എൽ.എമ്മിന്റെ സിറ്റിഹോപ്പർ സർവ്വീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവൻ നഷ്ടമായ ആളുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ഷിപോൾ വിമാനത്താവളം പ്രതികരിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഷിപോൾ. കഴിഞ്ഞ മാസം മാത്രം 50ലക്ഷത്തിനു മേൽ യാത്രക്കാരാണ് ഇവിടെയെത്തിയത്.