la-nina

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് വരെ പുറത്തിറങ്ങാനാകാത്ത ചൂടായിരുന്നു കേരളത്തില്‍. ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിയുന്നില്ല പക്ഷേ വ്യത്യാസം ചൂട് മാറി കനത്ത മഴയായി നാട് മുഴുവന്‍ വെള്ളത്തിലായി എന്നത് മാത്രമാണ്. എല്‍ നിനോ മനുഷ്യനെ വെന്തുരുകുന്ന അവസ്ഥയില്‍ എത്തിച്ചു. ഇനി വരാനിരിക്കുന്ന ലാ നിന മുക്കിക്കൊല്ലുമോ എന്നതാണ് ആശങ്ക. വെറുമൊരു വേനല്‍ മഴ പോലും താങ്ങാനാകാതെ നില്‍ക്കുന്ന കേരളം ലാ നിനയെ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ആശങ്ക.

എല്‍ നിനോ ഏറെക്കുറേ ദുര്‍ബലമായിക്കഴിഞ്ഞു. ലാ നിന ശക്തിപ്പെടുന്നതേയുള്ളൂ. ലാ നിന പ്രതിഭാസത്തിന്റെ കാര്യത്തില്‍ പ്രവചനം അസാദ്ധ്യമാണെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ഈ പ്രതിഭാസം കാരണം ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കനക്കുമെന്നും കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെടുന്നത്.

ഈ വര്‍ഷം പകുതി പിന്നിടുന്നതോടെ എല്‍ നിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. ആഗോളതലത്തില്‍ കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂര്‍ണമായും അവസാനിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവചിക്കപ്പെടുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലാ നിനാ പ്രതിഭാസമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും ഏജന്‍സികള്‍ അതേസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓഗസ്റ്റ് മാസത്തോടെ ലാ നിനാ പ്രതിഭാസം രൂപംകൊള്ളുകയാണെങ്കില്‍ ഇന്ത്യയില്‍ ഇക്കൊല്ലം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തിപ്രാപിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ലാ നിനായെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഏറെക്കുറേ അസാദ്ധ്യമായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പതിവില്‍ കൂടുതല്‍ മഴ ലഭിക്കും.- ഏപ്രില്‍ മാസത്തിലെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു.

എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചിരുന്നു. അതായത് ഇപ്പോള്‍ ലഭിക്കുന്ന മഴയും ലാ നിനയും തമ്മില്‍ ബന്ധമില്ലെന്നും ലാ നിന ശക്തിപ്പെടുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും തന്നെയാണ് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.

2023ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എല്‍ നിനോ 2024ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വര്‍ഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ലാ നിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേ സമയം, ഉയര്‍ന്ന താപനില തുടരുകയാണെങ്കില്‍, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാദ്ധ്യതയുണ്ട്. ഇതായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനം അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ പറഞ്ഞത്.

ഉയര്‍ന്ന താപനിലയുടെ കാര്യത്തില്‍ പ്രവചനം അതുപോലെ സംഭവിച്ച സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ (പ്രത്യേകിച്ച് തീരദേശ സംസ്ഥാനങ്ങള്‍) കരുതിയിരിക്കണം. എല്‍ നിനോ ദുര്‍ബലപ്പെടുന്നതിന്റെ ഫലമായും മഴ പെയ്യുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഇപ്പോള്‍ പെയ്യുന്ന മഴയെ ഈ ഗണത്തിലേക്ക് ചേര്‍ക്കാം.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദ്വിധ്രുവവും ലാ നിന പ്രതിഭാസവും ഒരുമിച്ച് സജീവമാകുമെന്നും അതിനാല്‍ മണ്‍സൂണ്‍ കാലം പതിവിലും നേരത്തെ എത്തുമെന്നും വിദഗ്ധര്‍ പ്രവചിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ നേരത്തേയെത്തും. എല്‍ നിനോ പ്രതിഭാസം കാരണം മഴ കുറവായിരിക്കുമെന്നു വേനല്‍ക്കാലത്ത് ചൂട് അസഹനീയമായിരിക്കുമെന്നും വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനലിന്റെ കാര്യത്തില്‍ പ്രവചനം ശരിയാകുകയും ചെയ്തു.

ലാ നിന വിനാശകാരി

പേരിന്റെ അര്‍ത്ഥം ചെറിയ പെണ്‍കുട്ടി എന്ന് ആണെങ്കിലും അങ്ങേയറ്റം വിനാശകാരിയാണ് ലാ നിന. അതിതീവ്ര മഴയ്ക്കും കൊടുങ്കാറ്റിനും വരെ സാദ്ധ്യതയുണ്ട് ഈ പ്രതിഭാസം ശക്തിപ്പെട്ടാല്‍. ലോകത്തെ ഒരു പ്രദേശത്തെ സമുദ്രജലത്തിന്റെ ചൂടും തണുപ്പും ആഗോള താപനിലയെ തന്നെ ബാധിക്കും. സാധാരണ സമുദ്രാവസ്ഥയില്‍, ട്രേഡ് വിന്‍ഡ് അഥവാ വാണിജ്യവാതം തെക്കേ അമേരിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് ഭൂമദ്ധ്യരേഖയിലൂടെ പടിഞ്ഞാറേയ്ക്കാണ് സഞ്ചരിക്കുന്നത്. സമുദ്രത്തിനു മുകളിലൂടെയുള്ള കാറ്റിന്റെ ചലനം അപ് വെല്ലിങ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് കാരണമാകുന്നു. സമുദ്രോപരിതലത്തിന് താഴെയുള്ള തണുത്ത ജലം ഉയര്‍ന്നുപൊങ്ങി ചൂടുള്ള ഉപരിതല ജലത്തെ മാറ്റിസ്ഥാപിക്കുന്നതാണ് അപ്വെല്ലിങ്.