ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന മൂന്നാമത്തെ മലയാളി താരമായി സഞ്ജു സാംസൺ
അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഐ.സി.സി. ട്വന്റി-20 ലോകകപ്പിലെ 15 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിദ്ധ്യമാണ് സഞ്ജു സാംസൺ. സഞ്ജു ആദ്യമായാണ് ഒരു ലോകകപ്പ് ടീമിലെത്തുന്നത്. എന്നാൽ ലോകകപ്പ് ടീമിലെത്തുന്ന ആദ്യത്തെയല്ല, മൂന്നാമത്തെ മലയാളിയാണ് സഞ്ജു.
1983ൽ കപിൽ ദേവിന്റെ ചെകുത്താൻമാർ ആദ്യമായി ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇന്ത്യൻ സംഘത്തിൽ ഒരു മലയാളിയുമുണ്ടായിരുന്നു; സുനിൽ വാൽസൻ. ഇടംകയ്യൻ ഫാസ്റ്റ് ബൗളറായിരുന്ന സുനിലിന് ആ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.തമിഴ്നാടിനും റെയിൽവേയ്സിനും വേണ്ടി രഞ്ജിയിൽ കളിച്ച അദ്ദേഹം ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ മാനേജരുമായിരുന്നു.
2007ൽ ധോണിപ്പട പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും 2011ൽ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിൽ മലയാളി സാന്നിദ്ധ്യമായി എസ്.ശ്രീശാന്താണ് ഉണ്ടായിരുന്നത്. പാകിസ്ഥാനെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ മിസ്ബ ഉൽ ഹഖിന്റെ നിർണായക ക്യാച്ചെടുത്തത് ശ്രീയാണ്. 2011 ലോകകപ്പ് ഫൈനലിലും ശ്രീശാന്ത് കളിച്ചിരുന്നു.
പലതവണ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സഞ്ജു സാംസണിനെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി ലോകകപ്പ് ടീമിലെടുത്തത്. രാജസ്ഥാൻ റോയൽസിനെ രണ്ടാം ക്വാളിഫയർ വരെയെത്തിച്ച ക്യാപ്ടനായ സഞ്ജു 15 ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് അർദ്ധ സെഞ്ച്വറികളടക്കം 531 റൺസാണ് ഈ സീസണിൽ നേടിയത്. 48 ഫോറുകളും 24 സിക്സുകളും സഞ്ജു പറത്തി. പരിചയസമ്പന്നനായ കെ.എൽ രാഹുലിനെ ഒഴിവാക്കി വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തിരിക്കുന്നത്. എന്നാൽ സഞ്ജുവിന് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിക്കുന്നകാര്യം ഉറപ്പില്ല. കാറപകടത്തിന് ശേഷം തിരിച്ചെത്തിയ റിഷഭ് പന്താണ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ. എന്നാൽ മദ്ധ്യനിര ബാറ്ററായി മാത്രം സഞ്ജുവിനെ കളിപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.
ഖത്തർ ഫുട്ബാൾ ടീമിലെത്തുന്ന ആദ്യ മലയാളി താരമായി തഹ്സിൻ ജംഷീദ്
ജൂൺ ആറിന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുന്ന ഖത്തർ ഫുട്ബാൾ ടീമിൽ ഒരു മലയാളിപ്പയ്യനുമുണ്ടാകും, 17കാരനായ തഹ്‌സിൻ മുഹമ്മദ് ജംഷിദ്. ഖത്തർ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കണ്ണൂർ വളപട്ടണത്ത് കുടുംബവേരുകളുള്ള തഹ്‌സിൻ. കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഫുട്ബാൾ കളിച്ചിട്ടുള്ള പിതാവ് ജംഷിദിന്റെ പാത പിന്തുടർന്നാണ് ഖത്തറിൽ ജനിച്ചുവളർന്ന തഹ്സിൻ പന്തുതട്ടിത്തുടങ്ങിയത്. 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗമായിരുന്നു തഹ്സിന്റെ പിതാവ് ജംഷീദ്. ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിക്കുകയും ഇന്ത്യൻ ക്യാമ്പിലെത്തുകയും ചെയ്തെങ്കിലും പരിക്ക് മൂലം നേരത്തേ കളംവിടേണ്ടിവന്നു . 23-ാം വയസിൽ ഖത്തറിലെത്തിയ അദ്ദേഹം കുടുംബത്തെയും ഒപ്പം കൂട്ടി. ഖത്തറിൽ ജനിച്ചുവളർന്ന തഹ്സിൻ ആസ്പയർ അക്കാദമിയിലാണ് പരിശീലനം തുടങ്ങിയത്.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ കളിച്ച ഖത്തർ അണ്ടർ 17 ടീമിൽ അംഗമായിരുന്നു മിഡ് ഫീൽഡറായ തഹ്‌സിൻ. ഈ വർഷം ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈൽ ടീമിന് വേണ്ടി അരങ്ങേറി. കേളീ മികവ് കണ്ടറിഞ്ഞാണ് ഖത്തർ ദേശീയ ടീമിന്റെ കോച്ച് ടിൻടിൻ മാർക്വേസ് തഹ്സിനെ വിളിപ്പിച്ചത്.
ഇടതു വിംഗാണ് തഹ്സിന്റെ ഇഷ്ട പൊസിഷൻ. പന്തുമായി കുതിച്ചുപാഞ്ഞ് ഡ്രിബിൾ ചെയ്ത് സഹതാരങ്ങൾക്ക് ഗോളടിക്കാൻ പാകത്തിൽ എത്തിക്കുന്ന നീക്കങ്ങൾ അണ്ടർ 16, 17 മത്സരങ്ങളിൽതന്നെ തഹ്സിനെ ശ്രദ്ധേയനാക്കിയിരുന്നു. ഈ മികവ് കണ്ണിലുടക്കിയ അൽ ദുഹൈൽ പരിശീലകൻ ക്രിസ്റ്റഫ് ഗാൾറ്റിയറാണ് കഴിഞ്ഞ മാർച്ചിൽ തഹ്സിനെ യൂത്ത് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് എത്തിച്ചു. കുടീന്യോയും മൈക്കൽ ഒലുംഗയും കരിം ബൗദിയാഫുമെല്ലാമുള്ള ടീമിനൊപ്പം സ്റ്റാർസ് ലീഗിലും അമീർ കപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ദേശീയ സീനിയർ ടീമിലേക്കുള്ള വഴിയായി മാറിയത്. ഇനി സീനിയർ ടീമിലും മികവു തെളിയിച്ചാൽ ലോകകപ്പിലേക്ക് ലക്ഷ്യമിടുന്ന ഖത്തർ ദേശീയ ടീമിൽ ഒരു മലയാളി പന്തു തട്ടുന്നതിന് നമുക്ക് സാക്ഷിയാകാം.
1985ൽ കേരളത്തിന്റെ സബ്ജൂനിയർ ടീമിലും ശേഷം ജൂനിയർ-യൂത്ത് ടീമുകളിലും കളിച്ചും നാലു വർഷം കാലിക്കറ്റ് സർവകലാശാല ടീമിന്റെ താരമായും തിളങ്ങിയ ജംഷിദിനെ പരിക്കാണ് കളത്തിൽനിന്ന് അകറ്റിയത്. ഒപ്പം കളിച്ച ജോപോൾ ഉൾപ്പെടെയുള്ളവർ രാജ്യാന്തര മികവിലേക്ക് പറന്നുയർന്നപ്പോൾ ജംഷിദിന് പരിക്ക് റെഡ്കാർഡ് വിളിച്ചു. തുടർന്ന്, 23ാം വയസ്സിൽ പ്രവാസം വരിച്ച് ഖത്തറിലെത്തിയെങ്കിലും ഫുട്ബാളിലെ പ്രിയം വിട്ടില്ല. അൽ ഫൈസൽ ഹോൾഡിങ്ങിൽ ജീവനക്കാരനായിരിക്കെ ഒഴിവുദിനങ്ങളിൽ കളിക്കളത്തിലേക്കുള്ള യാത്രയിൽ മക്കളായ മിഷാലിനെയും തഹ്സിനെയും ഒപ്പം കൂട്ടും. ആ ആവേശമാണ് ഇളയ മകൻ തഹ്സിനെ ദേശീയ ടീം വരെ എത്തിക്കുന്നത്.