ടെൽ അവീവ്: ഇസ്രയേൽ-പാലസ്തീൻ സംഘർഷം പരിഹരിക്കുന്നതിനും ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന സമ്മേളനം നടത്താൻ ആഹ്വാനം ചെയ്‌ത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. വ്യാഴാഴ്ച ബീജിംഗിൽ നടന്ന ചൈന-അറബ് സ്‌റ്റേറ്റ്‌സ് കോ-ഓപ്പറേഷൻ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ. ഗാസയ്‌ക്കെതിരെയുള്ള യുദ്ധം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും നീതി എന്നെന്നേക്കുമായി ഇല്ലാതാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ പ്രതിസന്ധി ഇല്ലാതാക്കാനും യുദ്ധാനന്തര പുനർനിർമ്മാണത്തിനും ചൈന സഹായം തുടരുമെന്നും അടിയന്തര സഹായമായി 500 ദശലക്ഷം യുവാൻ (69 മില്യൺ ഡോളർ) നൽകുമെന്നും ഷീ കൂട്ടിച്ചേർത്തു.
ഗാസയ്‌ക്കുള്ള അടിയന്തര സഹായത്തെ പിന്തുണയ്‌ക്കുന്നതിനായി രാജ്യം യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ പാലസ്‌തീനിയൻ അഭയാർത്ഥികൾക്ക് (UNRWA) 3 മില്യൺ ഡോളർ സംഭാവന നൽകുമെന്നും ഷി പറഞ്ഞു.