ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ദുബായ് കമ്പനി. എക്സാലോജിക് കൺസൾട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. കമ്പനി സഹസ്ഥാപകരായ സസൂൺ സാദിഖ്, നവീൻകുമാർ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എൻ.സി ലാവ്ലിൻ, പി.ഡബ്ലിയുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നും ഇവർ അറിയിച്ചു. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു. പേറോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നിവർ ഇല്ല. യു.എ.ഇ, സൗദി അറേബ്യ, ബ്രിട്ടൻ, ഇന്ത്യ, എന്നിവിടങ്ങളിൽ തങ്ങളുടെ കമ്പനികൾ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ബംഗളുരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളതെന്നും ഇവർ പറഞ്ഞു. ആറുമാസമായി വിവാദത്തെക്കുറിച്ച് ധാരണയുണ്ട് . നിയമനടപടികൾ സംബന്ധിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അബുദാബിയിലെ കൊമേഴ്‌സ്യൽ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആരോപിച്ചിരുന്നു. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ എക്സാലോജിക് കൺസൾട്ടിംഗ്, മീഡിയ സിറ്റി, യു.എ.ഇ എന്ന മേൽവിലാസത്തിലാണ് അക്കൗണ്ടെന്നായിരുന്നു ഷോൺ ജോർജ് പറഞ്ഞത്. വീണയും എം. സുനീഷുമാണ് അക്കൗണ്ട് ഉടമകളെന്നും ഷോൺ ആരോപിച്ചിരുന്നു.