സാവോപോളോ: ഇസ്രയേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് ബ്രസീൽ. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആരോപിച്ചിരുന്നു. രണ്ടാംലോക യുദ്ധത്തിൽ ഹിറ്റ്ലർ എന്താണോ ജൂതൻമാരോട് ചെയ്തത് അതുതന്നെയാണ് ഇസ്രയേൽ ഗാസയിൽ പാലസ്തീനികളോട് ചെയ്യുന്നത്. ഹോളോകോസ്റ്റ് പോലെ സമാനതകളില്ലാത്ത ആക്രമണമാണ് പാലസ്തീൻ ജനതയോട് ഇസ്രയേൽ കാണിക്കുന്നതെന്നും ലുല ഡ സിൽവ കൂട്ടിച്ചേർത്തു. തുടർന്ന് ഇസ്രയേൽ വിദേശമന്ത്രാലയം ബ്രസീൽ അംബാസഡർ ഫെഡറിക്കോ മേയറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പിന്നാലെയാണ് അംബാസഡറെ പിൻവലിച്ചത്. പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഡ സിൽവ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്പെയിൻ രാജ്യങ്ങളെ ലുല അഭിനന്ദിക്കുകയും ചെയ്തു.