കന്യാകുമാരി : മാർച്ച് എട്ടിന് തുടങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് മനസിനും ശരീരത്തിനും വിശ്രമവും പുനരുജ്ജീവനവും ലക്ഷ്യമിട്ടാണ് വിവേകാനന്ദപ്പാറയിൽ മോദിയുടെ ധ്യാനം. പ്രധാനമന്ത്രി രാജ്യത്തിന്റെ ദക്ഷിണമുനമ്പിൽ ത്രിവേണീസംഗമത്തിൽ ധ്യാനനിരതനായി ഇരിക്കുമ്പോഴാണ് അവസാന ഘട്ടത്തിലെ 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്.
മൂന്നാം വട്ടവും തുടർഭരണം ലക്ഷ്യമിടുമ്പോൾ പുതിയൊരു വീക്ഷണവും ലക്ഷ്യമാണ്. 76ദിവസത്തെ 204റാലികളിൽ പങ്കെടുത്തതിന്റെ ക്ഷീണമത്രയും തീർക്കണം.
ധ്യാനം അവസാനിപ്പിച്ച് ജൂൺ 1ന് കന്യാകുമാരിയിലെത്തുന്ന മോദി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തിയാണ് ഡൽഹിക്ക് മടങ്ങുന്നത്. കാലാവസ്ഥ പ്രതികൂലമെങ്കിൽ ഇന്നലെ തിരുവനന്തപുരത്തു നിന്ന് റോഡ് മാർഗ്ഗം കന്യാകുമാരിയിൽ എത്താനും ഒരുക്കം നടത്തിയിരുന്നു. റോഡിലുടനീളം സുരക്ഷാവലയം തീർത്തിരുന്നു.
കടലും കരയും കർശനസുരക്ഷയിൽ
മോദി എത്തിയതോടെ കർശനമായ സുരക്ഷാവലയത്തിലായി കന്യാകുമാരിയിലെ വാവാതുരുത്തും ത്രിവേണിസംഗമവും. വ്യാപാരശാലകളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. കടകൾ മിക്കതും അടഞ്ഞുകിടന്നു. വിവേകാന്ദ പാറയിലേക്കുള്ള സന്ദർശന ട്രിപ്പുകളെല്ലാം നിറുത്തിവച്ചു. കരയിൽ ഒൻപത് നേവി കപ്പലുകൾ സ്ഥാനം പിടിച്ചു.ആകാശത്ത് വ്യാമേസനയുടെ ഹെലികോപ്റ്റർ സദാ റോന്തുചുറ്റുകയാണ്. മൂന്ന് ഹെലികോപ്റ്ററുകളാണ് മോദിക്കായി കന്യാകുമാരിയിലേക്ക് പറന്നത്. രണ്ട് ബോട്ടുകളുടെ അകമ്പടിയിലാണ് വിവേകാനന്ദ പാറയിലേക്ക് നീങ്ങിയത്. വൈകിട്ട് അഞ്ചരയ്ക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആറേമുക്കാലോടെയാണ് മണ്ഡപത്തിലത്തിയത്. കർശനമായ സുരക്ഷയിൽ ആരേയും കടത്തിവിട്ടില്ലെങ്കിലും നൂറ്കണക്കിന് ആളുകൾ മോദിക്ക് ജയ് വിളിച്ച് ത്രിവേണീ സംഗമത്തിൽ തടിച്ചുകൂടി. ദേശീയ മാധ്യമങ്ങളുൾപ്പെടെ വലിയൊരു മാധ്യമസംഘവും കന്യാകുമാരിയിലെത്തി .കരയിൽ സുരക്ഷയൊരുക്കാൻ തമിഴ്നാടിന്റെ രണ്ടായിരം പൊലീസിന് പുറമെ റാപ്പിഡ് ആക്‌ഷൻഫോഴ്സും കേന്ദ്രപൊലീസും എസ്.പി. ജിയും എത്തിയിരുന്നു.