railway

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍വേ. ആധുനികവത്കരണവുമായി മുന്നോട്ട് പോകുന്ന റെയില്‍വേയെ സംബന്ധിച്ച് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള പദ്ധതികളിലും നൂതന ആശയങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. അത്തരത്തിലൊന്നാണ് ഉപയോഗശൂന്യമായ കോച്ചുകളെ മറ്റ് കാര്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുകയെന്നത്. 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഉപയോഗശൂന്യമായ കോച്ചുകളെ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നതാണ് പുതിയ പദ്ധതി.

ഇത്തരത്തില്‍ കാലഹരണപ്പെട്ട കോച്ചുകള്‍ പുറത്തും വില്‍ക്കാറുണ്ട്. ഇപ്പോഴിതാ നേരിട്ട് ഈ കോച്ചുകളും ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍വേ ഭൂമിയും ഉപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നത്. ഉപയോഗശൂന്യമായ കോച്ചുകള്‍ ഹോട്ടലാക്കി മാറ്റുന്നതിനാണ് മുന്‍ഗണന. ഇത്തരത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഭൂമി പാട്ടത്തിന് നല്‍കുകയും ചെയ്യും.

ഈ ആശയത്തിന്റെ ചുവട് പിടിച്ച് ബംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിച്ച് കഴിഞ്ഞു. പുറമേ നിന്ന് നോക്കിയാല്‍ ഒരു ട്രെയിനിന്റെ ബോഗിയെന്ന് മാത്രമേ തോന്നുകയുള്ളൂവെങ്കിലും അതിനുള്ളിലെ സൗകര്യങ്ങള്‍ ആധുനിക ഹോട്ടലുകള്‍ക്ക് തുല്യമാണ്. ബംഗളൂരുവിലെ കോച്ച് ഹോട്ടലില്‍ ഒരേ സമയം ഒരു ബോഗിക്കുള്ളില്‍ 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. മുംബയില്‍ നിന്നുമുള്ള ഹല്‍ദിറാം ഗ്രൂപ്പാണ് ബംഗളൂരു മജസ്റ്റിക്കിലുള്ള കോച്ചിനെ റസ്റ്ററന്റ് ആക്കി മാറ്റിയെടുത്തത്.

ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. ഈ റസ്റ്റോറന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുമെന്നതാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് ഹൈദരാബാദിലെ കച്ചിഗുഡയിലാണ് തുറന്നത്. ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ ഈ കോച്ച് റസ്റ്റോറന്റുകളുണ്ട്. മജസ്റ്റിക്കിലും ബൈപ്പിനഹള്ളി എസ് എം ബി ടി സ്റ്റേഷനിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇത്തരം ഹോട്ടലുകള്‍ വ്യാപിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.