rubber

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം റബര്‍ വില കിലോയ്ക്ക് 190 ലേയ്‌ക്കെത്തി. അന്താരാഷ്ട്ര റബര്‍ വില കിലോയ്ക്ക് 200 രൂപ കടന്നതിന് പിന്നാലെയാണ് ആഭ്യന്തര വിലയും കുതിപ്പ്. ബാങ്കോക്കില്‍ ആര്‍.എസ്.എസ് ഫോര്‍ 204 ല്‍ എത്തി. റബര്‍ബോര്‍ഡ് വില ഫോറിന് ഈ സീസണിലെ ഉയര്‍ന്ന വിലയായ 188ല്‍ എത്തി.

ഏറെക്കാലത്തിന് ശേഷമാണ് ആഭ്യന്തര വില 180പിന്നിട്ട് 190ലോട്ട് അടുക്കുന്നത്. അന്താരാഷ്ട്ര വില ഉയരുകയും ആഭ്യന്തര ഉത്പാദനം കുറഞ്ഞ് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയും വൈകാതെ 200 തൊടുമെന്നാണ് വിലയിരുത്തല്‍. മേയ് ആദ്യം അന്താരാഷ്ട്ര വില 183 വരെ താഴ്ന്നിരുന്നു. സമീപ ദിവസങ്ങളിലാണ് 204ല്‍ എത്തിയത്. മലേഷ്യ .ചൈന ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വിപണിയില്‍ നിന്നു വിട്ടു നിന്ന് ആഭ്യന്തര വില ഉയരാതിരിക്കാന്‍ ടയര്‍ലോബികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മഴയത്തു ടാപ്പിംഗ് ആരംഭിക്കാന്‍ കഴിയുന്നില്ല. വില ഉയര്‍ന്നതിന്റെ പ്രയോജനം സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കില്ല. ഷീറ്റ്‌സ്റ്റോക്ക് ചെയ്ത വന്‍കിടക്കാര്‍ക്കാണ് നേട്ടം.

ചെലവ് തന്നെ വില്ലന്‍

കാടുവെട്ടും റെയിന്‍ഗാര്‍ഡിംഗും വളപ്രയോഗവും നടത്തുന്നതിന്റെ ചെലവ് കൂടിയതിനാല്‍ ടാപ്പിംഗ് നടത്താതെ ഉത്പാദനം കുറയാനാണ് സാദ്ധ്യത. റെയിന്‍ ഗാര്‍ഡിംഗ് ഒരു മരത്തിന് 35-40 രൂപയാകും. ഒരേക്കറിന് 4000 രൂപ സബ് സിഡി നല്‍കുമെന്ന റബര്‍ ബോര്‍ഡ് പ്രഖ്യാപനം നടപ്പായിട്ടില്ല. ഒരേക്കര്‍ കാടുവെട്ടിത്തെളിക്കാന്‍ പതിനായിരം രൂപയിലേറെ ചെലവ് വരും. വളമിടീലും മറ്റു ചെലവുകളും നോക്കിയാല്‍ ടാപ്പിംഗിന് മുമ്പ് അരലക്ഷം രൂപയോളം ചെലവ് വരും. ഷീറ്റ് വില 180 കടന്നാലും മെച്ചമില്ലെന്നാണ് സാധാരണ കര്‍ഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 80-90 ദിവസം മാത്രമാണ് ടാപ്പിംഗിന് ലഭിക്കുക.

180 കടന്നത് വിനയായി

സംസ്ഥാന സര്‍ക്കാര്‍ വില സ്ഥിരതാ പദ്ധതിയില്‍ കിലോയ്ക്ക് 180 രൂ പ ആക്കി ഉയര്‍ത്തിയെങ്കിലും ആഭ്യന്തരവില 180 കടന്നതോടെ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കില്ല. സബ് സിഡി കൊടുക്കേണ്ടെന്ന നേട്ടം സര്‍ക്കാരിനുമായി. വില കുറഞ്ഞുനിന്ന സമയത്തെ സബ് സിഡി തുകയില്‍ കോടികളുടെ കുടിശിക കര്‍ഷകര്‍ക്കു സര്‍ക്കാര്‍ കൊടുക്കാനുമുണ്ട്.

ടാപ്പിംഗ് ഇല്ല, വിപണിയില്‍ റബറുമില്ല

കാടുവെട്ടും റെയിന്‍ഗാര്‍ഡിംഗും വളപ്രയോഗവും നടത്തുന്നതിന്റെ ചെലവ് കൂടിയതിനാല്‍ റബര്‍ മേഖലയില്‍ ടാപ്പിംഗ് ഇല്ലാത്ത അവസ്ഥയാണ്.

മഴക്കാലത്ത് റെയിന്‍ ഗാര്‍ഡ് ഘടിപ്പിച്ച് ടാപ്പിംഗ് ആരംഭിക്കാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് റബര്‍ വില ഉയരുന്നതിന്റെ പ്രയോജനമില്ല. - നൈനാന്‍ തോമസ്, റബര്‍ കര്‍ഷകന്‍