d

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരിൽ ഏതാണ്ടെല്ലാവരും സ്റ്റേഷനിലെ ചില്ലുപെട്ടിയിൽ ടിക്കറ്റ് കളഞ്ഞാണ് പുറത്തേക്ക് വരുന്നത്. എന്നാൽ ഇതേ ആളുകൾ തന്നെ ഗാർഹിക മാലിന്യം ഉൾപ്പടെ പൊതുസ്ഥലത്ത് വലിച്ചെറിയുകയും ചെയ്യും.

കൊച്ചി നഗരവാസികളാണ് പൊതുസ്ഥലത്ത് മാലിന്യമെറിയുന്നവരിൽ മുൻപന്തിയിൽ. കൊച്ചിക്കാരുടെ സങ്കീർണമായ ഈ മന:ശാസ്ത്രം പഠിക്കാനുള്ള ശ്രമത്തിലായിരുന്നു രണ്ട് ദിവസമായി ജില്ലാ ശുചിത്വ മിഷൻ. ഇതിനായി 28, 29 തീയതി​കളി​ൽ സർവേ നടത്തി. ഇനി എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സും ജില്ലാ ശുചിത്വ മിഷനും ചേർന്ന് ശില്പശാല സംഘടിപ്പിച്ച് സാമ്പിളുകൾ വിശകലനം ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ പഠന റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് എന്തൊക്കെ രീതിയിലാകണം ഇക്കാര്യത്തിലെ ബോധവത്കരണവും പ്രചാരണവും എന്ന് നിശ്ചയിക്കും.

സർവേയ്ക്ക് മികച്ച പ്രതികരണം ലഭി​ച്ചു. പൊതു ഇടങ്ങളിലെയും പൊതു ഗതാഗത മാർഗങ്ങളിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ലഭിച്ചി​ട്ടുണ്ട്. ശുചിത്വ മിഷൻ റിസോഴ്സസ് പേഴ്സൺമാരും പ്രൊഫഷണലുകളും വിദ്യാർത്ഥികളും നേതൃത്വം നൽകി​. ജില്ലാ എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ റിസർച്ച് ഓഫീസർ കെ.എ. ഇന്ദുവും സംഘവുമാണ് വി​വരങ്ങൾ വി​ശലകലനം ചെയ്യുന്നത്.

2000

• 2000 പേരിൽ നിന്ന് വിവരശേഖരണം

•വി​വി​ധ പ്രായക്കാർ

•വിവിധ തൊഴി​ൽ മേഖല

• വിവിധ വി​ദ്യാഭ്യാസ നി​ലവാരം

10 ഇടങ്ങൾ

• കൊച്ചി മെട്രോ •ലുലു മാൾ •സെൻട്രൽ സ്‌ക്വയർ മാൾ • ഒബ്രോൺ മാൾ • ഫോറം മാൾ • വൈറ്റില ഹബ്ബ് •കുസാറ്റ് • സിവിൽ സ്റ്റേഷൻ •മറൈൻ ഡ്രൈവ് • ഹിൽ പാലസ്

പാഠം ഒന്ന് ശുചി​ത്വം !

മാലി​ന്യം വലി​ച്ചെറി​യുന്ന കൊച്ചി​ക്കാരുടെ സ്വഭാവം കുഞ്ഞുങ്ങളി​ലൂടെ അടുത്ത തലമുറയി​ലെങ്കി​ലും മാറ്റാനാകുമോ എന്ന പരീക്ഷണത്തി​ലേക്കും ശുചി​ത്വമി​ഷൻ കടക്കുകയാണ്. ഇതി​ന്റെ ഭാഗമായി​ ജൂൺ​ മൂന്നി​ന് സർക്കാർ സ്കൂളുകളി​ലെ പ്രവേശനോത്സവത്തി​ന് ഒന്നാം ക്ളാസി​ലെ കുട്ടി​കൾക്ക് 'പാഠം ഒന്ന് ശുചി​ത്വം' എന്ന പേരി​ൽ നെയിം സ്ളി​പ്പുകൾ നൽകും. നോ ടു പ്ളാസ്റ്റി​ക്, മാലി​ന്യം എറി​യരുത്, കത്തി​ക്കരുത്, വേർതി​രി​ക്കണം തുടങ്ങി​ മാലി​ന്യസംസ്കരണത്തെക്കുറി​ച്ച് ബോധവത്കരി​ക്കുന്ന ആറ് തരത്തി​ലെ നെയിം സ്ളി​പ്പുകളാണ് എല്ലാ കുട്ടി​കൾക്കും നൽകുക.

മാലി​ന്യം കൈകാര്യം ചെയ്യുന്നവരുടെ സമീപനം അറി​ഞ്ഞാൽ ഫലപ്രദമായ രീതി​യി​ൽ ബോധവത്കരണവും പ്രചാരണവും നടത്താനാകും. അതി​നുള്ള ശ്രമങ്ങളി​ലാണ് ശുചി​ത്വ മി​ഷൻ.

നി​ഫി​ എസ്.ഹഖ്

ജി​ല്ലാ കോ ഓർഡി​നേറ്റർ

ശുചി​ത്വമി​ഷൻ