pocso

കോഴിക്കോട്: തേഞ്ഞിപ്പാലം പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്. പീഡനത്തിനിരയായ പെൺകുട്ടിയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, പെൺകുട്ടി വിവാഹിതയായിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്.

പോക്‌സോ കേസിൽ നടപടിക്രമങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ ആത്മഹത്യയ്‌ക്ക് ഉത്തരവാദിയെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നും സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. തുടർന്ന് എസിപിയോട് ഡിജിപി റിപ്പോർട്ട് തേടി.

എന്നാൽ, ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഫറോക്ക് എസിപിയുടെ റിപ്പോർട്ട്. ജാഗ്രതക്കുറവുണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് നൗഷാദ് തെക്കയിൽ വീണ്ടും പരാതി നൽകി. ഈ പരാതിക്ക് ഉത്തരമേഖലാ ഐജി നൽകിയ മറുപടിയിലാണ് അവിവാഹിതയായ അതിജീവിതയുടെ ആത്മഹത്യയ്‌ക്ക് കാരണം ഭർത്താവുമായുള്ള അസ്വാരസ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പോക്‌സോ കേസിലെ രണ്ട് പ്രതികളെ തെളിവില്ലെന്ന കാരണത്താൽ കോടതി നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോകുമെന്ന് ഇരയുടെ മാതാവ് പറഞ്ഞിരുന്നു. കേസിൽ രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും മാതാവ് പറഞ്ഞു.