gaza

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്സിനെ ജോലിയിൽ നിന്ന് പുറത്താക്കി. പാലസ്തീൻ- അമേരിക്കൻ വംശജയായ മുസ്ലീം നഴ്സിനെയാണ് ന്യൂയോർക്ക് സിറ്റി ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പ്രവർത്തന മികവിനുള്ള അവാർഡ് സ്വീകരണവേളയിൽ നടത്തിയ പ്രസംഗത്തിലാണ് ലേബർ ആൻഡ് ഡെലിവറി നഴ്‌സ് ഹെസെൻ ജാബർ വിവാദ പരാമർശം നടത്തിയത്. ആക്ഷേപകരമായ പരാമർശങ്ങൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കർശനമായി വിലക്കിയിരുന്നു എന്നും ഇത് ലംഘിച്ചതിനാണ് നടപടി എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

അവാർഡ് സ്വീകരണവേളയിൽ നടത്തിയ പ്രസംഗത്തിൽ ഗാസയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് നടത്തിയ പ്രസംഗമാണ് ഹെസെൻ ജാബറിന് വിനയായത്. ' ഗാസയിൽ ഇപ്പോൾ നടക്കുന്ന വംശഹത്യയിൽ എന്റെ രാജ്യത്തെ സ്ത്രീകൾ സങ്കല്പിക്കാനാവാത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്' എന്നതായിരുന്നു പരാമർശം. പരാമർശം ഉണ്ടായപ്പോൾ തന്നെ ജാബറിന്റെ സഹപ്രവർത്തകരിൽ പലരും അസ്വസ്ഥരായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരും പരാതി നൽകിയിരുന്നു എന്നും കരുതുന്നുണ്ട്.

അതേസമയം, ഗാസയിൽ ഇസ്രയേൽ ഇപ്പോഴും ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 36,000 പേർ മരിച്ചുവെന്നാണ് പ്രാദേശിക ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഗുരുതരമായി പരിക്കേറ്റത് ആയിരങ്ങൾക്കാണ്. യുദ്ധവും ഉപരോധവും മൂലം ആഹാരവും വെള്ളവും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുമുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. അതിനിടെ ഇക്കഴിഞ്ഞ 26ന് അഭയാർത്ഥികളായി റഫയിലെത്തിയവർ കഴിഞ്ഞിരുന്ന സുരക്ഷിമേഖലകളിലെ ക്യാമ്പുകൾക്കുമേൽ ഇസ്രയേൽ കടുത്ത ആക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ മുപ്പത്തഞ്ചുപേരാണ് ഇതിൽ കൊല്ലപ്പെട്ടത്.

യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്‌സ് സ്‌പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ജനങ്ങൾ താമസിച്ചിരുന്നത്. ഇതാണ് മരണസംഖ്യ ഉയർത്തിയതും. സ്ഫോടനത്തിൽ ടെന്റുകൾക്ക് തീ പിടിച്ചതോടെ ഉള്ളിലുണ്ടായിരുന്നവർ വെന്തുമരിക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠിന പരിശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. ഗുരുതരമായി പൊള്ളലേറ്റവരെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും അവർക്ക് മതിയായ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ അവിടെ ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.