black-magic

ബംഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാനും തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രശ്നത്തിലാക്കാനും രാഷ്ട്രീയ എതിരാളികൾ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്ത്. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് എരുമകൾ, അഞ്ച് പന്നികൾ എന്നിവയെ യാഗത്തിന്റെ ഭാഗമായി ബലി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് നന്നായി അറിയാമെന്നും താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ വാർത്താ ലേഖകരോട് പറഞ്ഞു.

കേരളത്തിലെ ഒരു രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്ന് പറഞ്ഞെങ്കിലും അതെവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അഘോരികൾ ഉൾപ്പെടെ പങ്കെടുത്ത യാഗത്തിന്റെ പ്രധാന ലക്ഷ്യം ശത്രുക്കളെ അസ്ഥിരപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യുകയുമായിരുന്നു എന്നും ശിവകുമാർ പറഞ്ഞു.

ബിജെപിയിൽ നിന്നോ ജെഡിഎസിൽ നിന്നോ ഉള്ള നേതാക്കളാണോ യാഗത്തിന് പിന്നിലെന്ന ചോദ്യത്തിന് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയക്കാരാണ് ഉത്തരവാദികളെന്നായിരുന്നു മറുപടി. "ആരാണ് ഈ യാഗം നടത്തുന്നതെന്ന് എനിക്കറിയാം. അവർ അവരുടെ ശ്രമങ്ങൾ തുടരട്ടെ; ഞാൻ വിഷമിക്കുന്നില്ല. അത് അവരുടെ വിശ്വാസ വ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കുന്നു. ഉപദ്രവമുണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങളും പരീക്ഷണങ്ങളും ഉണ്ടെങ്കിലും, ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ സംരക്ഷിക്കും," അദ്ദേഹം പറഞ്ഞു.യാഗം നടത്തിവരുടെ പേരുപറയാൻ നിർബന്ധിക്കുന്നതിന് പകരം അവരുടെ പേരുകൾ അന്വേഷിച്ച് കണ്ടുപിടിച്ച് പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്തു.

ജൂൺ രണ്ടിന് ബംഗളൂരുവിൽ നിയമസഭാംഗങ്ങളുടെ യോഗം ചേരുമെന്ന് ശിവകുമാർ അറിയിച്ചു. എല്ലാ എംഎൽസിമാർ, എംഎൽഎമാർ, എംപിമാർ എന്നിവരെ ക്ഷണിക്കും. പാർട്ടി കാര്യങ്ങളും എംഎൽസി തിരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടയിൽ പൂർണവിജയം ഉണ്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടക ബിജെപി തൂത്തുവാരിയിരുന്നു.