പ്രശസ്‌ത തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്‌ണ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടി അഞ്ജലിയെ പിടിച്ചുതള്ളിയ സംഭവം കഴിഞ്ഞദിവസം വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. 'ഗാംഗ്‌സ് ഓഫ് ഗോദാവരി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്‌ക്കിടയിലായിരുന്നു ഇത്. വളരെ മോശം പെരുമാറ്റമാണിതെന്നും അൻപതിലധികം ചിത്രങ്ങളിൽ നായികയായ അഞ്‌ജലിയോടുള്ള അനാദരവാണ് ഇതെന്നും സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങൾ വിമർശിച്ചു. പ്രശസ്‌ത സംവിധായകൻ ഹൻസൽ മേത്ത ബാലകൃഷ്‌ണയെ നികൃഷ്‌ടൻ എന്നാണ് വിശേഷിപ്പിച്ചത്.
എന്നാൽ പ്രമോഷൻ ചടങ്ങിന്റെ ഒരു വീഡിയോ പങ്കുവച്ച് അഞ്‌ജലി സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ പ്രതികരണം ആരാധകരെയും നടിയെ പിന്തുണച്ചവരെയുമെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. 'ഗാംഗ്‌സ് ഓഫ് ഗോദാവരി പ്രി റിലീസ് ഇവന്റിലെ തന്റെ സാന്നിദ്ധ്യത്തിന് ബാലകൃഷ്‌ണയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. ബാലകൃഷ്‌ണയും ഞാനും വളരെക്കാലമായി പരസ്‌പര ബഹുമാനം കാത്തുസൂക്ഷിക്കുന്നു. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദം പങ്കിടുന്നെന്നും പറയാൻ ഞാനാഗ്രഹിക്കുന്നു.' അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനായതിൽ സന്തോഷവും നടി പ്രകടിപ്പിക്കുന്നുണ്ട്.
ഇതേ ഇവന്റിലെ മറ്റ് നിമിഷങ്ങളും ചേർത്ത വീഡിയോ പങ്കുവച്ചാണ് അഞ്‌ജലി എക്‌സിൽ ഇങ്ങനെ കുറിച്ചത്. പിടിച്ചുതള്ളിയതിന് പിന്നാലെ അഞ്‌ജലി ബാലകൃഷ്‌ണയോട് ചിരിച്ച് ഇടപെടുന്നതിനെ പലരും ചോദ്യം ചെയ്‌തിരുന്നു. മുൻപും സഹതാരങ്ങളോടും പിന്നണി പ്രവർത്തകരോടും ആരാധകരോടും നന്ദമൂരി ബാലകൃഷ്‌ണ മോശമായി പെരുമാറിയത് വാർത്തയായിരുന്നു.
പ്രമോഷൻ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുക്കുന്ന സമയത്ത് മാറി നിൽക്കാൻ പറഞ്ഞാണ് നടിയെ ബാലകൃഷ്‌ണ തള്ളി മാറ്റുന്നത്. പെട്ടെന്നുള്ള നടന്റെ പെരുമാറ്റം കണ്ട് വേദിയിൽ ഉണ്ടായിരുന്നവർ ഞെട്ടിപ്പോയി. സംഭവ സമയത്ത് നടി നേഹ ഷെട്ടിയും അഞ്ജലിയുടെ അടുത്ത് നിൽക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബാലകൃഷ്ണയെ വിമർശിച്ച് രംഗത്തെത്തിയത്. നടൻ മദ്യപിച്ചാണ് വേദിയിലെത്തിയതെന്നും ചിലർ പറയുന്നുണ്ട്.