കണ്ണൂർ: ഒരുകിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുർഭി ഖാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിൽ അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം. സുർഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികളുൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഗർഭനിരോധന ഉറയ്ക്കുള്ളിലും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്.
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി സുർഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്. കേരളത്തിലെ സ്വർണക്കടത്തുസംഘങ്ങളുമായി സുർഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡി.ആർ.ഐ അധികൃതർക്കുണ്ട്. വിദശമായ ചോദ്യംചെയ്യലിൽ ഇക്കാര്യം വ്യക്തമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുർഭി ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്.
മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസായിരുന്നു സുർഭി. നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു.