കൊച്ചി: പീരുമേട് എംഎൽഎ വാഴൂർ സോമന് ആശ്വാസം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. എതിർ സ്ഥാനാർത്ഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.
സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിംഗ് കോർപറേഷന്‍ ചെയർമാനായിരിക്കെയാണ് വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഇക്കാര്യം നാമനിർദേശ പത്രികയിൽ മറച്ചുവച്ചു എന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. സോമന്റെ നാമനിർദേശ പത്രികയിലെ പല കോളങ്ങളും പൂരിപ്പിച്ചിരുന്നില്ലെന്നും അപൂർണമായ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും സിറിയക് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ വരണാധികാരിയുടെ അറിവോടെ വിവരങ്ങള്‍ പിന്നീട് തിരുത്തിയിരുന്നതായും, ഒരു കാര്യവും മനഃപൂര്‍വം മറച്ചു വച്ചിട്ടില്ലെന്നും വാഴൂര്‍ സോമന്‍ കോടതിയില്‍ വ്യക്തമാക്കി. വിധി നിരാശാ ജനകമാണെന്നും വിധിപ്പകർപ്പ് ലഭിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ് പറഞ്ഞു. കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം തേടിയിരുന്നു. വരണാധികാരിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് സത്യവാങ്മൂലം സ്വീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.
മൂന്നു തവണ എംഎല്‍എയായ ഇ എസ് ബിജിമോളെ മാറ്റിയതിനെ തുടർന്നാണ് വാഴൂര്‍ സോമനെ മത്സരിപ്പിച്ചത്. സിപിഐയുടെ സീറ്റായിരുന്നു ഇത്. 1835 വോട്ടിനാണ് സിറിയക് തോമസിനെ വാഴൂര്‍ സോമന്‍ പരാജയപ്പെടുത്തിയത്.