richest

സമ്പന്നരുടെ പേര് പറയുമ്പോൾ നമ്മൾ ഇന്ത്യക്കാർ പറയുന്ന പേരാണ് അംബാനിയുടെയും അദാനിയുടെയും. എന്നാൽ ലോകത്തിലെ പത്ത് സമ്പന്നരുടെ പട്ടിക എടുത്താൽ അതിൽ അംബാനിയും അദാനിയുമില്ല. അതെ ബ്ളും‌ബെർഗ് ബില്യണെയർ ഇൻഡ‌ക്‌സ് അനുസരിച്ച് മേയ് 31ലെ കണക്ക് പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഫ്രഞ്ച് വ്യവസായിയും നിക്ഷേപകനുമായ ബെർനാർഡ് ആ‌ർനോൾട്ട് ആണ്. ചൊവ്വാഴ്‌ച ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ.

206 ബില്യൺ അമേരിക്കൻ ഡോളറാണ് ആർനോൾട്ടിന്റെ സമ്പാദ്യം. 202 ബില്യണുമായി ജെഫ് ബെസോസ് മൂന്നാമതായി. 204 ബില്യൺ ഡോളർ സമ്പാദ്യമുള്ള ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. ആർനോൾട്ടിന്റെ ആസ്‌തിയിൽ 3.16 ബില്യൺ ഡോളറാണ് കൂടിയത്. മസ്‌കിനാകട്ടെ 1.86 ബില്യൺ ഡോളറും. എന്നാൽ ബെസോസിന് 2.66 ബില്യൺ ഡോളർ ആസ്‌തി കുറഞ്ഞു. നാലാമതുള്ള മെറ്റ സിഇഒ മാർക് സക്കർബർഗിന് 2.57 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. ആകെ 166 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്‌തി.

153 ബില്യൺ ഡോളറുമായി അമേരിക്കയുടെ ലാറി പേജും തൊട്ടു പിന്നിലായി മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമുണ്ട്. ബിൽ ഗേറ്റ്‌സിന്റെ സ്വത്ത് 151 ബില്യണാണ്.144 ബില്യൺ ഡോളർ സ്വത്തുമായി സ്റ്റീവ് ബാൽമർ,​ 135 ബില്യൺ ഡോളർ ആസ്‌തിയുള്ള വാറൻ ബഫറ്റ്,​ 132 ബില്യൺ ഡോളറുള്ള ലാറി എലിസൺ എന്നിവരാണ് ആദ്യ പത്ത് സ്ഥാനത്തുളളത്.

അംബാനിയും അദാനിയും 12ഉം 13ഉം സ്ഥാനത്താണുള്ളത്. ഇരുവരുടെയും ആസ്‌തിയിൽ ഇടിവുണ്ടായി. 1.10 ബില്യൺ ഡോളറിന്റെ ഇടിവാണ് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനായ മുകേഷ് അംബാനിക്കുണ്ടായത്. ആകെ ആസ്‌തി 109 ബില്യൺ ഡോളർ. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്ക് 409 മില്യൺ ഡോളർ ആസ്‌തി കുറഞ്ഞ് ആകെ ആസ്‌തി 106 ബില്യൺ ആയി. പട്ടികയിൽ പിന്നീട് ഇടംപിടിച്ച ഇന്ത്യൻ കോടീശ്വരൻ ഷാപ്പൂർ മിസ്‌ത്രിയാണ്. ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഉടമ ഇപ്പോൾ 36.5 ബില്യൺ ഡോളർ ആസ്‌‌തിയുള്ള ഷാപ്പൂർ മിസ്‌ത്രിയാണ്. 32.2 ബില്യൺ ഡോളർ ആസ്‌തിയുമായി ഒ.പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ സാവിത്രി ജിൻഡാൽ 49-ാം സ്ഥാനത്തുണ്ട്. പൊതുവിൽ ഇന്ത്യൻ വ്യവസായികളുടെയെല്ലാം ആസ്‌തിയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.