ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി. നായ ആക്രമിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ പ്രതികരിച്ചു. പട്ടികടിച്ചതായിട്ടോ, ഓടിച്ചതായിട്ടോ പോലും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ ആണ് പേവിഷബാധയേറ്റ് മരിച്ചത്. ദേവനാരായണന് ആശുപത്രിയിൽ നിന്ന് വാക്‌സിൻ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് തവണ ഡോക്ടർമാരെ കണ്ടെങ്കിലും വാക്സിൻ നൽകിയില്ലെന്ന് കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു.ശ്വാസതടസം നേരിട്ടിതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കുട്ടി ചികിത്സയിലായിരുന്നു.
ഇന്നലെ പുലർച്ചെ ഒരുമണിയോടെ രോഗം മൂച്ഛിച്ചതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11.45 ഓടെ മരണം സംഭവിച്ചു.
ഏപ്രിൽ 23ന് തെരുവുനായ ഒരു സൈക്കിൾ യാത്രികനെ കടിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിക്കാനായി ദേവനാരായണൻ കൈയിലുണ്ടായിരുന്ന പന്ത് നായയ്ക്ക് നേരെ എറിഞ്ഞു. തുടർന്ന് ദേവനാരായണന്റെ നേർക്ക് നായ തിരിയുകയും ഓടി രക്ഷപ്പെടുന്നതിനിടെ ഓടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുട്ടിക്കൊപ്പം നായയും ഓടയിൽ വീണതായി അന്ന് ചിലർ സംശയം പറഞ്ഞിരുന്നു. എന്നാൽ നായകടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാൽ വീഴ്ചയിലുണ്ടായ മുറിവാണെന്ന് കരുതി മരുന്നുവച്ച ശേഷം ആശുപത്രി വിടുകയായിരുന്നു. പേവിഷപ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ല. . അമ്മ: രാധിക. സഹോദരി:ദേവനന്ദ.