അവധിക്കാലം ചെലവഴിക്കുന്നതിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര. ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനോടൊപ്പമുളള ചിത്രങ്ങളും മക്കളോടൊപ്പമുളള ചിത്രങ്ങളുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഹോങ്കോംഗിൽ നിന്നുളള ചിത്രങ്ങളാണ് വൈറലാകുന്നത്.
പോസ്റ്റിന് താരം നൽകിയ തലക്കെട്ടും ശ്രദ്ധേയമാണ്. 'ഹൃദയവും മനസും' എന്നാണ് തലക്കെട്ട്. നയൻതാരയുടെ പോസ്റ്റ് വിഘ്‌നേഷ് ശിവനും ഷെയർ ചെയ്തിട്ടുണ്ട്. 'എന്റെ ലോകം' എന്നാണ് വിഘ്‌നേഷ് ശിവ പോസ്റ്റിന് നൽകിയ മറുപടി. 2022 ജൂണിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു വിവാഹം.
മലയാള ചിത്രമായ 'ഡിയർ സ്റ്റുഡൻസ്' ആണ് നയൻതാരയുടെ പുതിയ ചിത്രം, നിവിൻ പോളി നായകനായ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. നയൻതാര ജൂൺ ഒന്നിന് ലൊക്കേഷനിൽ ജോയിൻ ചെയ്യും. കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.നിവിൻ പോളിയും കോളേജ് കുട്ടികളും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
കർമ്മ മീഡിയ നെറ്റ് വർക്ക് എൽ.എൽ.പി. അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം മുജീബി മജീദ് ആണ് സംഗീത സംവിധാനം. 'ലൗ ആക്ഷൻ ഡ്രാമയ്ക്കു'ശേഷം നിവിൻ പോളിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. 2019 സെപ്തംബർ 5ന് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി - നയൻതാര കോമ്പോയ്ക്ക് വലിയ സ്വീകാര്യതയാണ് ആ ചിത്രത്തിലൂടെ ലഭിച്ചത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഗോൾഡിനുശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.