sriya-reddy

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ റെഡ്‌ഡി. പ്രഭാസും, പൃ‌ഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ഹിറ്റ് ചിത്രം സലാറിൽ രാധാരാമ മന്നാർ എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയത് ശ്രീയയാണ്. മലയാളത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്‌ത് 2003ൽ പുറത്തിറങ്ങിയ 'ബ്ളാക്ക്' ആണ് ശ്രീയയുടെ ആദ്യ ചിത്രം. ഭരത്‌ചന്ദ്രൻ ഐ.പി.എസ്, ഒരാൾ എന്നീ ചിത്രങ്ങളിലും ശ്രീയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. 2008ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ കാഞ്ചീവരം എന്ന ചിത്രത്തിലെ അഭിനയവും ശ്രീയയെ ശ്രദ്ധേയയാക്കി.

ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്‌ത 'ആവേശം' ഇപ്പോൾ 150 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. ചിത്രം കണ്ടതിനെക്കുറിച്ചും ഫഹദിനെക്കുറിച്ചും തന്റെ അഭിപ്രായം ഇപ്പോൾ തുറന്നുപറയുകയാണ് ശ്രീയ റെഡ്‌ഡി.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീയ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

ഫഹദിനെ താൻ നേരിൽ കണ്ടിട്ടില്ലെന്നും. എന്നാൽ അയാളുടെ സിനിമകൾ കണ്ടെന്നും അവയിലെ ഫഹദിന്റെ പെർഫോമൻസ് കാണുമ്പോൾ ജീവിതത്തിൽ അൽപം എക്‌സെൻട്രിക് ആണെന്ന് തോന്നുമെന്ന് ശ്രീയ റെഡ്‌ഡി പറയുന്നു. അത്തരത്തിലല്ലാത്തവർക്ക് അഭിനേതാവാകാൻ കഴിയില്ലെന്നും ആവേശത്തിലെ ഫഹദിന്റെ കഥാപാത്രത്തിനും അങ്ങനെയുണ്ടെന്ന് ശ്രീയ അഭിപ്രായപ്പെട്ടു. ക്യാമറയ്‌ക്ക് മുന്നിൽവന്ന് അത്തരത്തിൽ അഭിനയിക്കാൻ ഒരൽപം കിറുക്ക് ഉണ്ടാകണമെന്നും നടി പറഞ്ഞു.

'എനിക്ക് ഫഹദിനെ അറിയില്ല. ഫഹദിന്റെ പുതിയചിത്രം 'ആവേശം' കണ്ടു. അയാളുടെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമകൾ കാണുമ്പോഴെല്ലാം അൽപം കിറുക്കൻ സ്വഭാവമുണ്ടെന്ന് തോന്നാറുണ്ട്. ഫഹദിന് മാത്രമല്ല ഇത്തരത്തിൽ അഭിനയിക്കുന്ന മിക്ക നടന്മാർക്കും ഈ സ്വഭാവമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അല്ലെന്ന് അവർ പറയുന്നെങ്കിൽ അത് നുണയാണ്.' ശ്രീയ അഭിപ്രായപ്പെട്ടു. സലാറിലെ തന്റെ കഥാപാത്രം ചെയ്യാൻ മാതൃകയാക്കിയത് ജോക്കറായുള്ള ഹിത്ത് ലെഡ്‌ജറുടെ പ്രകടനം ആണെന്നും നടി പറയുന്നു.