കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പിലെ വീട്ടിൽ നിന്നും ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി സ്വർണ്ണം കവർന്ന പ്രതിയെ കൂത്തു പറമ്പിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയിൽ നിന്നും കവർന്ന ജ്വല്ലറിയിൽ വിൽപ്പന നടത്തിയ സ്വർണാഭരണം കൂത്തുപറമ്പിൽ നിന്നും കണ്ടെത്തി. പ്രതി കുടക് സ്വദേശി പി.എ.സലീമുമായി ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്.
സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറി പ്രതി സലീം പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആറായിരം രൂപയ്ക്കാണ് പ്രതി ആഭരണം ഇവിടെ വിറ്റത്. ഇതിന് ശേഷം ഉച്ചയോടെ പ്രതിയെ കുത്തുപറമ്പിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന 15ന് രാവിലെയാണ് പ്രതി കൂത്തുപറമ്പിലെത്തിയതും ആഭരണം വിറ്റതും. ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ പ്രതിയെ സഹായിച്ചത് സഹോദരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇവരെ പൊലീസ് ചോദ്യം ചെയ്തു.
ഡി.എൻ.എ സാമ്പിൾ പരിശോധനക്ക് അയച്ചു
ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് പ്രതി സലീമിൽ നിന്ന് കോടതിയുടെ അനുമതിയോടെ ശേഖരിച്ച രക്തവും മുടിയുടെ സാമ്പിളും പൊലീസ് പരിശോധനയ്ക്ക് അയച്ചു. പെൺകുട്ടിയിൽ നിന്ന് ശേഖരിച്ച തെളിവുകളുമായി ഒത്തുനോക്കുന്നതിനാണ് ടെസ്റ്റ് .