തിരഞ്ഞെടുപ്പ് പ്രചാരണമെന്ന മഹാമഹം അവസാനഘട്ടത്തിലെത്തിനിൽക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുകയാണ്. 45 മണിക്കൂറാണ് ധ്യാനം. സ്വാമി വിവേകാനന്ദൻ 131വർഷം മുമ്പ് അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ധ്യാനത്തിൽ ലയിച്ച ശ്രീപാദപാറയ്‌ക്ക് സമീപമുള്ള പാറയിലെ മണ്ഡപത്തിലാണ് മോദിയുടെ ധ്യാനം. മാർച്ച് എട്ടിന് തുടങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് മനസിനും ശരീരത്തിനും വിശ്രമവും പുനരുജ്ജീവനവും ലക്ഷ്യമിട്ടാണ് വിവേകാനന്ദപ്പാറയിൽ മോദി എത്തിയത്.
ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. ശുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി പരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം.
യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്‍റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് ), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നത് എന്നാണ് വിശ്വാസം. ഈ നാല് ക്ഷേത്രങ്ങളിലും ഒരു വർഷത്തിനുള്ളിൽ ദർശനം നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും സങ്കൽപമുണ്ട്.
മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിട്ടിരിക്കും. ചില വിശേഷ ദിവസങ്ങളിൽ മാത്രമേ ഇത് തുറക്കൂ. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഐതിഹ്യം
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്‍റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.
51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.
ദേവിയുടെ കളിക്കൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.
മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്‍റെ പ്രതിമയും കാണാം.
കടലും കരയും സുരക്ഷാവലയത്തിൽ
അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 4.20ന് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മോദി കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര. 5.30ന് കന്യാകുമാരി സർക്കാർ ഗസ്റ്റ് ഹൗസിന് സമീപത്തെ ഹെലിപ്പാഡിൽ ഇറങ്ങി. ഗസ്റ്റ് ഹൗസിൽ പോയി ധോത്തിയും ഷാളും അണിഞ്ഞ് ത്രിവേണി സംഗമത്തിനടുത്തുള്ള ഭഗവതി അമ്മൻ കോവിലിലെത്തി. പൂജാരി തളികയും ആരതിയുമായി സ്വീകരിച്ചു.പൂജയും അർച്ചനയും നടത്തിയ മോദിക്ക് ക്ഷേത്ര അധികൃതർ ദേവിയുടെ ചിത്രം സമ്മാനിച്ചു. പിന്നീട് സുരക്ഷാ ബോട്ടുകളിൽ വിവേകാനന്ദപാറയിലേക്ക്. സന്ധ്യാവന്ദനത്തിന് ശേഷം ധ്യാനം തുടങ്ങി. അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് വൈകിട്ട് മൂന്നേകാലോടെ ധ്യാനം സമാപിക്കും.
മോദി എത്തിയതോടെ കർശനമായ സുരക്ഷാവലയത്തിലായി കന്യാകുമാരിയിലെ വാവാതുരുത്തും ത്രിവേണിസംഗമവും. വ്യാപാരശാലകളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. കടകൾ മിക്കതും അടഞ്ഞുകിടന്നു. വിവേകാന്ദ പാറയിലേക്കുള്ള സന്ദർശന ട്രിപ്പുകളെല്ലാം നിറുത്തിവച്ചു. തീരത്ത് ഒൻപത് നേവി കപ്പലുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ആകാശത്ത് വ്യോമേസനയുടെ ഹെലികോപ്റ്റർ സദാ റോന്തുചുറ്റുകയാണ്. മൂന്ന് ഹെലികോപ്റ്ററുകളാണ് മോദിക്കായി കന്യാകുമാരിയിലേക്ക് പറന്നത്. രണ്ട് ബോട്ടുകളുടെ അകമ്പടിയിലാണ് വിവേകാനന്ദ പാറയിലേക്ക് നീങ്ങിയത്.
വൈകിട്ട് അഞ്ചരയ്ക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആറേമുക്കാലോടെയാണ് മണ്ഡപത്തിലെത്തിയത്. കർശനമായ സുരക്ഷയിൽ ആരേയും കടത്തിവിട്ടില്ലെങ്കിലും നൂറ്കണക്കിന് ആളുകൾ മോദിക്ക് ജയ് വിളിച്ച് ത്രിവേണീ സംഗമത്തിൽ തടിച്ചുകൂടിയിരുന്നു. ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ വലിയൊരു മാദ്ധ്യമസംഘവും കന്യാകുമാരിയിലെത്തിയിട്ടുണ്ട്. കരയിൽ സുരക്ഷയൊരുക്കാൻ തമിഴ്നാടിന്റെ രണ്ടായിരം പൊലീസിന് പുറമെ റാപ്പിഡ് ആക്‌ഷൻഫോഴ്സും കേന്ദ്രപൊലീസും എസ്.പി. ജിയുമുണ്ട്.