police

ന്യൂഡൽഹി: തനിക്കൊരു കാമുകിയെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ച് യുവാവ്. ഡൽഹി പൊലീസിനോട് എക്സിലൂടെയായിരുന്നു യുവാവിന്റെ അഭ്യർത്ഥന. എന്നാൽ ഇതിന് പൊലീസ് കൊടുത്ത മറുപടിയാണ് ഏറെ വിചിത്രം. ചോദ്യവും അതിനുള്ള മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പൊലീസിന്റെ പുകയില വിരുദ്ധദിന പോസ്റ്ററിനുള്ള കമന്റ് എന്നനിലയിലാണ് ശിവം ഭരദ്വാജ് എന്ന യുവാവ് അഭ്യർത്ഥന പോസ്റ്റുചെയ്തത്. 'എനിക്ക് ഒരു കാമുകിയെ ആവശ്യമുണ്ട്. കാമുകിയെ കണ്ടെത്താൻ നിങ്ങൾ സഹായിക്കണം. നിങ്ങളിൽ നിന്ന് എനിക്ക് എപ്പോഴാണ് സിഗ്നൽ കിട്ടുന്നത്' എന്നായിരുന്നു യുവാവിന്റെ ചോദ്യം,

ശിവത്തിന്റെ ചോദ്യത്തിന് അധികം വൈകാതെ തന്നെ പൊലീസിന്റെ മറുപടിയും എത്തി. സാർ,നിങ്ങളുടെ കാമുകിയെ കാണാതെ പോയെങ്കിൽ കണ്ടെത്താൻ ഞങ്ങൾ സഹായിക്കുമായിരുന്നു. അതല്ലാതെ ഞങ്ങൾക്ക് പറ്റില്ല. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ എന്നായിരുന്നു പൊലീസിന്റെ മറുപടി. ചോദ്യവും മറുപടിയും മണിക്കൂറുകൾക്കണം വൈറലായി. 23,000 ലധികം പേരാണ് പോസ്റ്റ് കണ്ടത്. കമന്റ് ബോക്സ് രസകരങ്ങളായ കമന്റുകൾ കൊണ്ട് നിറഞ്ഞു.

ഡൽഹി പൊലീസിന് എക്‌സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ നാലു ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. രസകരമായ പോസ്റ്റുകളിലൂടെയും മറ്റും റോഡ് സുരക്ഷയും സൈബർ സുരക്ഷയും ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ച പോസ്റ്റുചെയ്ത സന്ദേശം ഏറെ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.