d

മൂല്യനിർണയരീതി പരിഷ്ക്കരിക്കപ്പെടണം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'കേരളകൗമുദി" പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ശ്രദ്ധേയമായി. പത്താംക്ളാസിലെ വിജയശതമാനവും കുട്ടികളുടെ നിലവാരവും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. 'ടി സി കൈപ്പറ്റി' എന്ന് എഴുതാൻ പോലും അറിയാത്തവർ വിജയിച്ചവരുടെ കൂട്ടത്തിലുണ്ട്! ഈ നിലവാരത്തകർച്ചയുടെ കാരണമറിയാൻ അഖിലേന്ത്യാ തലം വരെയൊന്നും പോകേണ്ടതില്ല. പ്രൈമറി തലം മുതൽ ഓരോ ക്ലാസിലും നേടേണ്ട അറിവ് നേടാതെ ജയിച്ചുവരുന്ന കുട്ടികൾ ഒടുവിൽ പത്താം ക്ലാസിലെത്തുമ്പോൾ 'കതിരിൽ വളംവയ്ക്കുന്ന" തത്രപ്പാടിലായിരിക്കും അദ്ധ്യാപകർ. തോറ്റ വിഷയം പഠിപ്പിച്ച ടീച്ചർ അതിന് സമാധാനം പറയേണ്ട സ്ഥിതിയും ചില സ്കൂളുകളിലുണ്ട്.

വർഷങ്ങൾക്കു മുൻപുവരെ പ്രൈമറി ക്ലാസ് മുതൽ കുട്ടികൾ തോൽക്കുമായിരുന്നു. 'എന്റെ കുട്ടി ഒരു വർഷം കൂടി അവിടെ ഇരുന്നോട്ടെ മാഷേ" എന്ന് ആവശ്യപ്പെടുന്ന രക്ഷിതാക്കളും അന്നുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. 'ടീച്ചറേ,​ അവനെ ഒൻപതിൽ തോൽപ്പിക്കല്ലേ; പത്തിൽ തോറ്റാലും കുഴപ്പമില്ല"എന്നു പറഞ്ഞ ഒരമ്മയെ ഞാൻ ഓർക്കുന്നു. നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക്‌ കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലേ നൽകാവൂ. എഴുത്തു പരീക്ഷയ്ക്ക് അഞ്ചു മാർക്ക്‌ നേടുന്ന കുട്ടി വെറുതെ കിട്ടുന്ന 10 മാർക്കിന്റെ സഹായത്തോടെ ജയിക്കുകയാണ്!

കലാകായിക മേഖലയിലെ പങ്കാളിത്തം കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്നതാണ് എന്നതിൽ തർക്കമില്ല. അതിന് അംഗീകാരം നൽകേണ്ടതുമാണ്. എന്നാൽ,​ അതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ഗ്രേസ് മാർക്ക്‌ എത്രയെന്നോ,​ എവിടെ ചേർത്തെന്നോ ഇപ്പോഴത്തെ സർട്ടിഫിക്കറ്റ് നോക്കിയാൽ മനസ്സിലാകില്ല- 'ഗ്രേസ് മാർക്ക് അവാർഡഡ്"എന്നു മാത്രമേ രേഖപ്പെടുത്താറുള്ളൂ. ഗ്രേസ് മാർക്ക്‌ പ്രത്യേകമായി രേഖപ്പെടുത്തട്ടെ. പഠിച്ചു നേടിയ മാർക്കുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതുണ്ടോ? കഷ്ടപ്പെട്ടു പഠിച്ച് ഉന്നത വിജയം നേടുന്നവരെയും എല്ലാവരും തിരിച്ചറിയട്ടെ.

പണ്ട് ഓരോ വിഷയത്തിനും ജയിക്കാൻ 35 ശതമാനം മാർക്ക് വേണ്ടിടത്ത് ഇപ്പോൾ 30 ശതമാനം മതി. വിജയശതമാനം കുതിച്ചുയർന്നത് ഈ ഏർപ്പാടെല്ലാം വന്നതോടെയാണ്. 'നിലവാരം മോശമായ കുട്ടികൾ തോൽക്കാനിടയാകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കു"മെന്ന വാദത്തെ വിവരദോഷം എന്നല്ലാതെ എന്തു വിളിക്കും? പത്താം ക്ലാസ് വിജയത്തിന് മിനിമം മാർക്ക്‌ ഏർപ്പെടുത്താനുള്ളസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ആരൊക്ക എതിർത്താലും അത് നടപ്പിലാക്കുകതന്നെ വേണം. ജയം മാത്രമല്ല, പരാജയവും പരീക്ഷയുടെ ഭാഗമാണെന്ന് കുട്ടികൾ അറിയണം.

ചെറിയ തോൽവിപോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു തലമുറയെ സൃഷ്ടിച്ചതു കൊണ്ട് ഒന്നും നേടാനില്ല. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം പറഞ്ഞതു പോലെ,​ 'പഠനത്തിലെ ആദ്യ ശ്രമമാണ് പരാജയം" എന്ന യാഥാർഥ്യം നമ്മുടെ കുട്ടികൾ മനസിലാക്കട്ടെ. അറിവിനെ തിരിച്ചറിവാക്കാനും ജീവിതപ്രതിസന്ധികളെ സമർത്ഥമായി നേരിടാനും കരുത്തുള്ളവരായി പുത്തൻ തലമുറ മാറട്ടെ. 'കേരള കൗമുദി"യുടെ ഇടപെടൽ അതിന് വെളിച്ചം പകരട്ടെ.

ബിജിമോൾ കെ.കെ

തുറവൂർ