cash

മംഗളൂരു: റോഡ് മുറിച്ചുകടക്കവെ വീണുകിട്ടയ 2.43 ലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ മദ്രസാ അദ്ധ്യാപകൻ. കർണാടകയിലെ ബണ്ട്‍വാളിലെ കെലഗിനപേട്ടയിലാണ് സംഭവം. മനാസുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനായ അബ്ദുല്‍ മസീദ് ഫൈസിക്കാണ് മേയ് 28ന് റോഡ് മുറിച്ചുകടക്കവെ നോട്ടുകെട്ടുകള്‍ വീണുകിട്ടിയത്. ഉടൻ തന്നെ അദ്ദേഹം മദ്രസ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ബന്ധപ്പെട്ട് പണം അവരെ ഏല്‍പ്പിച്ചു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരനായ ശ്രീപതി ശ്രീകാന്ത് ഭട്ടിന്റേതാണ് പണമെന്ന് കണ്ടെത്തിയത്. അദ്ദേഹം മദ്റസയിലെത്തി പണം സ്വീകരിച്ചു.

മജീദ് ഫൈസിക്ക് നന്ദി പറഞ്ഞാണ് ഭട്ട് മടങ്ങിയത്. തൃശൂരിലും സമാന സംഭവമുണ്ടായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ലഭിച്ചിട്ടും ഇന്ദ്രജിത്ത് എന്ന ഓട്ടോ ഡ്രൈവർ ഉടമസ്ഥനെ തിരികെയേല്‍പ്പിച്ചു. ചാലക്കുടി ടൗണിലെ ഓട്ടോഡ്രൈവറായ ഇന്ദ്രജിത്ത് ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടെയാണ് പുറകിലെ സീറ്റിലെ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ നിറയെ സ്വര്‍ണാഭരണങ്ങളും. പിന്നെ ഒട്ടും വൈകിയില്ല ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് ഏല്‍പ്പിച്ചു. തൃശൂര്‍ സ്വദേശിയായ അമ്ബിളിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

ചാലക്കുടിയിലെത്തി പൂലാനിയിലുള്ള വീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് ബാഗ് മറന്നുവച്ചത്. വീട്ടിലെത്തിയപ്പോഴാണ് 15 പവനോളം സ്വര്‍ണാഭരണങ്ങളുള്ള ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കിയത്. പിന്നീട് പൊലീസ് പരാതിക്കാരെ വിളിച്ചുവരുത്തി ഇന്ദ്രജിത്തിന്റെ സാന്നിധ്യത്തില്‍ ബാഗ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.