ganesha

ഹൈന്ദവ വിശ്വാസപ്രകാരം വിഘ്‌നവിനാശകനാണ് ഗണപതി. വിഘ്‌നങ്ങൾ അഥവാ തടസങ്ങൾ അകറ്റുന്നതിനാൽ തന്നെ വിഘ്‌നേശ്വരൻ എന്ന് ഗണപതി ഭഗവാനെ വിളിക്കുന്നു. സമാധാനം, സമ്പത്ത് എന്നിവയ്‌ക്കും ഗണേശ ഭജനം പ്രധാനമാണ്. നാം ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുമ്പോൾ ഗണേശ ഭജനം നടത്താറുണ്ട്. തേങ്ങയുടച്ചും ഏത്തമിട്ടും നാം ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിക്കാറുണ്ട്. മിക്കവരും വീടുകളിൽ ഗണേശ രൂപങ്ങളും ചിത്രങ്ങളും സ്ഥാപിക്കുമ്പോൾ കൃത്യമായി വാസ്‌തുവിധി പ്രകാരമല്ല ചെയ്യാറ്. കൃത്യമായ സ്ഥലമോ ദിക്കോ നോക്കാതെയാകും പലരും വിഗ്രഹങ്ങൾ വയ്ക്കുക.

വീട്ടിലെയോ തൊഴിൽ ഇടങ്ങളിലെയോ വാസ്‌തു ദോഷങ്ങൾ കൃത്യമായി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചാൽ ഇല്ലാതാകുമെന്നാണ് വിശ്വാസം. ലിവിംഗ് റൂമിൽ ഗണേശ വിഗ്രഹം വയ്‌ക്കുന്നത് ദുഷ്‌ടശക്തികളെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനെ അകറ്റുന്നു. കുട്ടികളുടെ പഠനമേശയിൽ ഗണേശചിത്രമോ വിഗ്രഹമോ വച്ചാൽ ഐശ്വര്യമുണ്ടാകും. ശ്രദ്ധ ലഭിക്കാനും വിജയം നേടാനും ഇത് ഉത്തമമാണ്. ഗാർഡനുകളിൽ അതിഥികൾക്ക് കാണുമാറ് ഗണേശവിഗ്രഹം സ്ഥാപിക്കാം.

ഇടത് വശത്തേക്ക് ആയിരിക്കണം വിഗ്രഹത്തിൽ തുമ്പിക്കൈ വരേണ്ടത്. മാത്രമല്ല വെളുത്ത നിറത്തിലുള്ള ഗണേശ വിഗ്രഹമാണ് അത്യുത്തമം. ലളിതാസനത്തിൽ അഥവാ ഇരിക്കുന്ന തരത്തിലുള്ള ഗണപതി വിഗ്രഹമാണ് വേണ്ടത്. വീട്ടിൽ സമാധാനം ലഭിക്കാൻ ഇത്തരത്തിലുള്ള വിഗ്രഹമാണ് വേണ്ടതെന്ന് വാസ്‌തു ആചാര്യന്മാർ സൂചിപ്പിക്കുന്നു. ചെറിയൊരു എലിയും മോദകവും ഉള്ള വിഗ്രഹമാണ് വേണ്ടത്.

എന്നാൽ ഒരു മുറിയിൽ രണ്ട് ഗണപതി വിഗ്രഹങ്ങൾ വയ്‌ക്കാൻ പാടില്ല. നല്ല ഗുണങ്ങളെ അതില്ലാതാക്കും. മാത്രമല്ല വലത് വശത്തേക്ക് തുമ്പിക്കൈ തിരിഞ്ഞിരിക്കുന്നതും നല്ലതല്ല. മറ്റ് വിഗ്രഹങ്ങളും വിഘ്‌നേശ്വരനൊപ്പം വേണമെന്നില്ല. അഥവാ സ്ഥാപിക്കുന്നെങ്കിൽ ഒരിഞ്ച് അകലത്തിലെങ്കിലും വയ്‌ക്കണം. നല്ല സമയത്ത് തന്നെ വിഗ്രഹം വയ്‌ക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് വാസ്‌തു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.