ന്യൂഡൽഹി: രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുന്നത് തടയുമെന്നും കോൺഗ്രസ് 128 സീറ്റുകൾ വരെ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ വോട്ടുകൾ പരസ്പരം കൈമാറുന്നതിൽ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതിൽ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ശനിയാഴ്ച യോഗം വിളിച്ചത്. വോട്ടെണ്ണൽ യന്ത്രത്തിൽ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കൾക്ക് വ്യക്തമാക്കി നൽകും. രാഹുൽ ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി താൻ കാണുന്നത്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.