crime

തൃശൂര്‍: വടക്കാഞ്ചേരിക്ക് സമീപം കുണ്ടന്നൂരില്‍ വന്‍ വിദേശമദ്യവേട്ട. 150 കുപ്പികളിലായി 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടികൂടിയത്. വടക്കാഞ്ചേരി പൊലീസാണ് സാധനം പിടിച്ചെടുത്തത്.

കുണ്ടന്നൂര്‍ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പില്‍ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്റെ 150 കുപ്പി മദ്യമാണ് പൊലീസ് പരിശോധനയില്‍ പിടികൂടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വില്‍പ്പന നടത്താനും, ഒന്നാം തീയതി ബിവറേജുകളും ബാറുകളും അവധിയായതിനാല്‍ അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാളില്‍നിന്നും മദ്യം പൊലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് രണ്ട് ദിവസമാണ് ഡ്രൈ ഡേ വരുന്നത്. ഒരു തുള്ളി മദ്യം പോലും കിട്ടാത്ത ഈ ദിവസങ്ങളില്‍ ഇരട്ടിയും രണ്ടിരട്ടിയും വില ഈടാക്കി വില്‍പ്പന നടത്തുകയെന്നതാണ് ഇത്തരം സംഘങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് പറയുന്നു.

ഒന്നാം തീയതിയും തിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്ത് അവധി വരുന്നതിനാല്‍ ഇത്തരത്തില്‍ അനധികൃത വില്‍പ്പന പിടികൂടുന്നതിനായി എക്‌സൈസ് സംഘവും സജീവമായി തന്നെ രംഗത്തുണ്ട്.