
ആറ്റിങ്ങല്‍: കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് അടുക്കള സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം. പച്ചക്കറി, മീന്‍,മുട്ട കോഴിയിറച്ചി, പലവ്യഞ്ജനം അങ്ങനെ എല്ലാത്തിനേയും വിലക്കയറ്റം ബാധിച്ചുകഴിഞ്ഞു. തീന്‍മേശയിലെ സ്ഥിരം സാന്നിദ്ധ്യമായ മീന്‍ നിലവില്‍ കിട്ടാനില്ല. കിട്ടിയാലും അവയ്ക്ക് തീവിലയും. കഴിഞ്ഞദിവസം ആറ്റിങ്ങലില്‍ പലയിടത്തും 8 മത്തിക്ക് 100 രൂപയായിരുന്നു വില. ചിലയിടത്ത് അതും കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയും കടല്‍ക്ഷോഭവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാന്‍ കഴിയുന്നില്ല. പിന്നെയുള്ളത് രാജ്യത്തിന് പുറത്തുനിന്നും കണ്ടെയ്‌നറുകളില്‍ എത്തുന്ന മീനുകളാണ്. എന്നാല്‍ ഇത്തവണ ഇവയുടെ വരവും കുറവാണ്. രാസവസ്തുക്കള്‍ കലര്‍ന്ന ഇവ കഴിച്ചാല്‍ രുചിയുമില്ല മണവുമില്ല.മീന്‍, പച്ചക്കറി, ഇറച്ചി, മുട്ട എന്നിവയ്ക്ക് വിലകൂടിയതോടെ തീന്‍മേശയില്‍ നിന്നും വെജ്ജും നോണ്‍വെജ്ജും ഒഴിവാക്കേണ്ട അവസ്ഥ.
ചൂടേറി പച്ചക്കറി
കടുത്ത വേനല്‍ കാരണം പലയിടത്തേയും പച്ചക്കറി കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങിയിരുന്നു. വേനലിനെ അതിജീവിച്ച പച്ചക്കറികളാകട്ടെ പിന്നീട് വന്ന വെള്ളക്കെട്ടില്‍ മുങ്ങിപ്പോയി. ഇതോടെ തീന്‍മേശയിലെത്തുന്ന പച്ചക്കറിയുടെ വിലയും വര്‍ദ്ധിച്ചു.
തൊട്ടാല്‍ പൊള്ളും ഇറച്ചിവില
കഴിഞ്ഞ മാസത്തെ കടുത്തചൂടില്‍ പല ഹാച്ചറികളിലേയും ഇറച്ചിക്കൊഴിക്കുഞ്ഞങ്ങള്‍ കൂട്ടത്തോടെ ചത്തു. ഇത് കോഴി ഇറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തെ കാര്യമായി ബാധിച്ചു.
ഫാമുകള്‍ ഏറെയും കേരളത്തിന് പുറത്തായതിനാലാണ് തമിഴ്‌നാട് ലോബികള്‍ കോഴിയ്ക്കും മുട്ടയ്ക്കും വന്‍ വില വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ മിക്കവരും ചെറുകിട കോഴി ഫാമുകളാണ് നടത്തുന്നത്. ഇവിടുത്തെ ഉത്പാദനം കൊണ്ട് തമിഴ്‌നാട് ഫാമുകളിലെ കോഴിവില തടയാനും കഴിയില്ല.