വാഷിംഗ്ടൺ: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു. ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേൽ മുന്നോട്ടുവച്ചു. ഗാസയിൽ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി . ' യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്" പറഞ്ഞ ബൈഡൻ ഇസ്രയേൽ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ 6 ആഴ്ച നീളുന്ന വെടിനിറുത്തൽ. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യത്തിവന്റെ പിൻമാറ്റം എന്നിവ നടപ്പാക്കും.
ഏതാനും ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണം. ഗാസയ്ക്കുള്ളിൽ പലായനം ചെയ്തവർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിയെത്താം. ദിവസവും 600 സഹായ ട്രക്കുകൾ ഗാസയിലേക്ക്. പതിനായിരക്കണക്കിന് താത്ക്കാലിക ഭവന യൂണിറ്റുകൾ എത്തിക്കും. യു.എസ്, ഖത്തർ എന്നിവരുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ തുടരും. വിജയിച്ചാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
രണ്ടാംഘട്ടത്തിൽ ജീവിച്ചിരിക്കുന്ന സൈനികർ അടക്കം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായും പിന്മാറും, വെടിനിറുത്തൽ സ്ഥിരമാക്കും
മൂന്നാംഘട്ടത്തിൽ ബന്ദികളുടെ ശേഷിക്കുന്ന മൃതദേഹങ്ങളും ഇസ്രയേലിലേക്ക് എത്തിക്കും.
യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ ഗാസയുടെ പുനർനിമ്മാണ പദ്ധതി ആരംഭിക്കും