vanitha-leauge
vanitha leauge

മലപ്പുറം:പുറത്താക്കപ്പെട്ട ഹരിത നേതാക്കളെ യൂത്ത് ലീഗ് ഭാരവാഹികളാക്കിയതിൽ വനിതാ ലീഗിൽ അമർഷം.

വിവാദത്തിലൂടെ പാർട്ടിക്ക് പരിക്കുണ്ടാക്കിയവരും ലീഗുകാരെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ചവരുമാണ് പുറത്താക്കപ്പെട്ട ഹരിതക്കാരെന്ന് വിമർശിച്ച വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബീന റഷീദ്, മുസ്‌ലിം പെൺകുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടുന്ന ഇസ്ലാമിക ഫെമിനിസക്കാർ ലീഗ് ആദർശത്തിന് തന്നെ വിരുദ്ധരാണെന്നും ഫേസ്‌ബുക്കിൽ തുറന്നടിച്ചു. സംഘടനയുടെ പൊതുവികാരമാണിതെന്നാണ് വിവരം. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ എതി‌ർപ്പ് മറികടന്നാണ് മുൻഹരിത നേതാക്കളെ ഭാരവാഹികളാക്കിയത്.

എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ശീറ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായും ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായുമാണ് നിയമിച്ചത്. യൂത്ത് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ ഭാരവാഹികളാവുന്നത്. 2016ൽ ഫാത്തിമ തഹ്‌ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റാക്കിയിരുന്നു. അന്നാണ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരുവനിതയെ പോഷക സംഘടനാ ഭാരവാഹിയാക്കിയത്.

കേസ് ഒത്തുതീർപ്പാക്കും

ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയെ എം.എസ്.എഫ് നേതൃത്വം മാറ്റി പുതിയ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിച്ചില്ല. പ്രശ്ന പരിഹാരത്തിന് കോ​ഴി​ക്കോട്ട്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം.എസ്.എഫ് സംസ്ഥാന പ്ര​സി​ഡ​ന്റ് പി.കെ.നവാസ് ലൈംഗികാധിക്ഷേപം ന​ട​ത്തി​യെന്ന് ആരോപണമുയർന്നു. ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാരോപിച്ച് ഹ​രിത ഭാ​ര​വാ​ഹി​ക​ൾ വ​നി​താ കമ്മീഷ​നി​ൽ പ​രാ​തി ന​ൽ​കി. പിന്നാലെ ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റിയെ മുസ്‌ലിം ലീഗ് നേതൃത്വം പി​രി​ച്ചു​വി​ട്ടു. ഹരിതയെ പിന്തുണച്ചതിനാണ് ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ നടപടി. ലോ​ക്‌സ​ഭാ തി​ര​ഞ്ഞെ​ടുപ്പിന് മുമ്പ് ഹ​രി​ത നേ​താ​ക്ക​ൾ​ക്കെ​തി​രായ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച​താ​യി ലീ​ഗ്​ നേ​തൃ​ത്വം പ്ര​ഖ്യാപി​ച്ചി​രു​ന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ നവാസിന് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് ഹരിത നേതാക്കൾ ഉറപ്പ് നൽകിയെന്നാണ് വിവരം.