മലപ്പുറം: സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചതോടെ ജില്ലയിൽ ആശങ്കയുടെ ചൂടും കുത്തനെ ഉയരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞുവീണാണ് പ‌ടിഞ്ഞാറ്റുമുറി സ്വദേശിയായ മദ്ധ്യവയസ്ക്കനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പകലോ,​ രാത്രിയോ വ്യത്യാസമില്ലാതെ വേനൽ ചൂടിൽ നാടും നഗരവും ഒരുപോലെ വിയർത്തൊലിക്കുന്നുണ്ട്. ചൂട് അസഹ്യമായതിന് പിന്നാലെ രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. വീടിന് പുറത്തിറങ്ങാനാവാതെ ജനം വിഷമിക്കുന്ന സ്ഥിതിയാണ്. ജില്ലയിൽ ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പേകുന്നുണ്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കാലാവസ്ഥ വകുപ്പ് ജില്ലയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. നിലമ്പൂരിലാണ് ഈ ചൂട്. പാലക്കാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും കനത്ത ചൂടാണ്. 42 ഡിഗ്രിയും കടന്ന ചൂടാണ് ഇവിടെങ്ങളിൽ എന്നാണ് സ്വകാര്യ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

നഗരപ്രദേശങ്ങളേക്കാൾ കൂടുതൽ ചൂട് മലയോര മേഖലകളിൽ രേഖപ്പെടുത്തുന്നുവെന്ന അസാധാരണമായ സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഒരുമാസത്തിനിടെ നിലമ്പൂർ മേഖലയിൽ പലതവണ ചൂട് 40 ഡിഗ്രി കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചപ്പോൾ മലപ്പുറത്ത് മഴ പൂർണ്ണമായും മാറി നിന്നു. ഈ മാസം അഞ്ച് വരെ ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ........... കൂടിയ ചൂട്............ കുറഞ്ഞ ചൂട്.

തെന്നല.................................................... 37.7......................... 29.1

വാക്കാട്................................................... 35.7 ......................... 30.5

നിലമ്പൂർ ................................................ 40.3 ......................... 27.1

തവനൂർ കെ.വി.കെ .............................. 36.4 ........................ 28.7

വെള്ളത്തിന് നിയന്ത്രണം

കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ നിർദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് ജലസേചനവകുപ്പ് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ. നിരവധി കർഷകർ പുഴയിൽ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം പുലാമന്തോൾ കട്ടുപ്പാറയിൽ എത്തിയിട്ടുണ്ടെങ്കിലും മൂർക്കനാട് താൽക്കാലിക തടയണയിലെത്താത്ത സാഹചര്യമാണുള്ളത്. കാഞ്ഞിരപ്പുഴയിൽ നിന്നുള്ള വെള്ളം അധികം താമസമില്ലാതെ നിർത്തിവെയ്ക്കാനിടയുള്ളതിനാൽ പെരിന്തൽമണ്ണ, മൂർക്കനാട് പദ്ധതികളിൽ നിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാർഷികാവശ്യത്തിന് പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.