പൊന്നാനി: നിറയെ ടൂറിസം സാദ്ധ്യതകൾ നിറഞ്ഞു നിൽക്കുന്ന ഇടമാണ് പൊന്നാനിയിലെ ഭാരതപുഴയുടെ പരിസരം. പുഴക്ക് നടുവിൽ നിലകൊള്ളുന്ന ഒട്ടനവധി മണൽതുരുത്തുകൾ പുഴക്ക് നൽകുന്ന സൗന്ദര്യം ഒട്ടും ചെറുതല്ല. വേനലിലും വറ്റാത്ത പുഴ ഭാഗങ്ങളുടെ നടുവിൽ നിലകൊള്ളുന്ന ഒട്ടനവധി തുരുത്തുകൾ പൊന്നാനി ഭാഗത്ത് നിലവിലുണ്ട്. ഇപ്പോൾ സായാഹ്നങ്ങളിൽ ഒട്ടനവധി ആളുകൾ ഇവിടങ്ങളിൽ എത്തുന്നുണ്ട്. കാട് പിടിച്ചും ഇഴ ജന്തുക്കൾ നിറഞ്ഞും കിടക്കുന്ന ഈ തുരുത്തുകളിൽ ടൂറിസം സാധ്യതയുണ്ടെങ്കിലും അധികൃതർ കണ്ട മട്ടില്ല.

ഇവയൊന്നും ഇന്ന് ആളുകൾക്ക് കയറാൻ കഴിയാത്ത അവസ്ഥയിലാണ് കിടക്കുന്നത്. പൊന്നാനിയിലെ ഭാരതപുഴയുടെ പരിസരങ്ങളിലേക്ക് ബോട്ട് സവാരി നടത്തിയും ഒപ്പം പുഴയിലെ മണൽ നിറഞ്ഞ ഇടങ്ങളിലേക്ക് ഇറങ്ങിയും ആളുകൾ വേനൽ ചൂടിന്റെ രൂക്ഷത കുറക്കുന്നു. നിളയോര പാതയുടെ പല ഭാഗത്ത് നിന്നും ചെറുപാലങ്ങൾ പണിത് തുരുത്തുകളിലെ പൊന്തക്കാടുകൾ വെട്ടിവൃത്തിയാക്കി ഇരിപ്പിടങ്ങൾ ഒരുക്കിയാൽ നിലവിൽ ഉള്ളതിനേക്കാൾ മികച്ച ടൂറിസം സാദ്ധ്യതയാണ് നിളയോര പാതയിൽ ഉണ്ടാകുക.