ganesh-kumar

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ മലപ്പുറത്തെ ഡ്രൈവിംഗ് സ്‌കൂൾ മാഫിയകളാണെന്ന മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ പ്രസ്താനവയ്‌ക്കെതിരെ പ്രതിഷേധവുമായി മലപ്പുറത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ. സർക്കാരിന്റെ നിബന്ധനകൾ അനുസരിച്ചാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും സമരമുണ്ട്. മലപ്പുറത്തെ മാത്രം എടുത്തു പറയുന്നതിൽ ദുഷ്ടലാക്കുണ്ട്. മന്ത്രി പ്രസ്താവന തിരുത്തണമെന്നും ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഡ്രൈവിംഗ് ഗൗണ്ടിന്റെ പ്രവേശന കവാടം സമരക്കാർ അടച്ചിട്ടാണ് മലപ്പുറത്ത് പ്രതിഷേധം നടന്നത്. ടെസ്റ്റിനായി ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ എത്തിയെങ്കിലും നിസ്സഹകരണം മൂലം മടങ്ങിപ്പോയി. സി.ഐ.ടി.യു ഉൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണയുമായെത്തി.

മേയർ വിഷയം വഴിത്തിരിച്ച്

വിടാനുള്ള ശ്രമം: ലീഗ്

കേരളത്തിൽ മുഴുവൻ നടന്ന സമരത്തിൽ മലപ്പുറത്തെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. മലപ്പുറമെന്ന് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ട്. ആർ.എസ്.എസും, ബി.ജെ.പിയും തുടങ്ങിവച്ചത് സി.പി.എമ്മും ഇടതുമുന്നണിയും ഏറ്റെടുക്കുന്നു. ഇത് എതിർക്കപ്പെടേണ്ടതാണ്. തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ് ഗതാഗത വകുപ്പിൽ നടക്കുന്നത്. മേയർ - ഡ്രൈവർ തർക്കത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മന്ത്രിയുടേതെന്നും സലാം പറഞ്ഞു.