hhhhhhhhh

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ബൂത്തുകളിലെ സേവനത്തിനുള്ള പ്രതിഫലം ലഭിക്കാതെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ. പോളിംഗ് സ്‌റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുകയും ക്യൂ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു ഇവരുടെ ചുമതല. രണ്ട് ദിവസത്തെ ഡ്യൂട്ടിക്കായി 2,600 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഭക്ഷണ അലവൻസായ 250 രൂപ മാത്രമാണ് നിലവിൽ ഇവർക്ക് ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ച മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം വോട്ടെടുപ്പിന്റെ തലേദിവസം തന്നെ മുഴുവൻ തുകയും ലഭിച്ചിരുന്നു. ആറ് ലക്ഷത്തോളം രൂപയാണ് പ്രതിഫലമായി ലഭിക്കാനുള്ളത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി അവസാനിക്കുന്ന ദിവസമോ അതിന് തൊട്ടടുത്ത ദിവസമോ ആണ് എല്ലാ വർഷവും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഈ തുക ലഭിക്കാറുള്ളത്. എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എൻ.സി.സി, വിമുക്ത ഭടൻമാർ എന്നീ വിഭാഗങ്ങളിലെ 226 പേരാണ് ജില്ലയിലെ 113 പോളിംഗ് ബൂത്തുകളിലായി ജോലി ചെയ്തത്. ഒരു പോളിംഗ് ബൂത്തിൽ രണ്ട് പേരെയാണ് നിയോഗിച്ചിരുന്നത്.
പ്രതിഫലം ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷനിൽ പലരും ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുക അനുവദിച്ചു നൽകേണ്ടത്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് വഴി ജില്ലാ പൊലീസ് മേധാവിക്ക് തുക അനുവദിക്കും. ശേഷം അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് തുക അനുവദിച്ച് ഇവിടെ നിന്നാണ് വിതരണം ചെയ്യുക.

പോസ്റ്റൽ സൗകര്യവും ലഭിച്ചില്ല

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അവശ്യ വിഭാഗങ്ങളിലുള്ളവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഇത്തവണ അതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നില്ല. തൊട്ടടുത്ത് പോളിംഗ് ബൂത്തുള്ളവർക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്.