താനൂർ: താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒന്നുമുതൽ നാലുവരെ പ്രതികളായ താനൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലഹരി വിരുദ്ധ വിഭാഗമായ ഡാൻസാഫിലെ അംഗങ്ങളാണ്. ശനിയാഴ്ച പുലർച്ചെ സി.ബി.ഐ സംഘം ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം സ്വദേശി താമിർ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്. ലഹരി മരുന്ന് കൈവശം വച്ചതിന് താമിറിനെയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്.പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ട്.
മർദ്ദനമേറ്റതിനെത്തുടർന്നാണ് താമിർ ജിഫ്രി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നാല് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. വൈകിയെങ്കിലും നടപടി സ്വാഗതം ചെയ്യുന്നതായി താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. പ്രതികളെ എറണാകുളം സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.