തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അജപാലന സന്ദർശനവും അഞ്ചു കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടത്തി. പള്ളി അങ്കണത്തിലെത്തിയ ബിഷപ്പിന് ഇടവകാംഗങ്ങൾ വരവേൽപ്പ് നൽകി. പിരിഞ്ഞുപോകുന്ന കൈക്കാരന്മാർക്കും വിവാഹത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ദമ്പതികൾക്കും, വിദ്യാഭ്യാസം, കൃഷി, കലാകായിക മേഖലകളിൽ മികവ് പുലർത്തിയവർക്കും ബിഷപ്പ് പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. പൊതുസമ്മേളനത്തിനു ശേഷം ബിഷപ്പ് സൺഡേ സ്‌കൂൾ കുട്ടികൾ, മതാധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, മാതൃവേദി, എ.കെ.സി.സി., കെ.സി.വൈ.എം എന്നീ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി.