താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ ഒട്ടുംപുറത്തെ ബോട്ടപകടത്തിനു ഇന്നേയ്ക്ക് ഒരു വർഷം. കൂട്ടനിലവിളിയും മുങ്ങിത്താഴുന്ന സ്ത്രീകളും കുട്ടികളും അവരെ ജീവന്റെ കരയിലെത്തിക്കാൻ നടത്തിയ നാടിന്റെ രക്ഷാപ്രവർത്തനവുമെല്ലാം നാട്ടുകാരുടെ ഓർമ്മയിൽ മായാതെ കിടപ്പുണ്ട്.

20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 35ൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചത്. നിയമം ലംഘിച്ച്,​ നേരം ഇരുട്ടിയ ശേഷം സർവീസ് നടത്തിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. താനൂർ സ്വദേശി നാസറിന്റേതായിരുന്നു അപകടത്തിൽ പെട്ട ബോട്ട്. നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദ സഞ്ചാരം നടത്തിയിരുന്നെങ്കിലും അവസാന ട്രിപ്പിൽ അപകടം ക്ഷണിച്ചു വരുത്തി. ഒട്ടുംപുറത്ത് നിന്ന് തുടങ്ങി പൂരപ്പുഴ പാലം വരെയെത്തി തിരിച്ചുപോവുകയാണ് പതിവ്. വൈകിട്ട് ആറ് വരെയാണ് സർവീസിന് അനുവദിച്ച സമയമെങ്കിലും അപകടം നടക്കുന്നത് ഏഴരയോടെയായിരുന്നു. പരിധിയിൽ കൂടുതൽ ആളുകളെ ബോട്ടുകളിൽ കയറ്റുന്നതിനെതിരെ നാട്ടുകാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബോട്ടുകാരോ അധികൃതരോ ഗൗനിച്ചില്ല. ബോട്ട് ഇരുനിലയുള്ളതായതും ഗ്ലാസ്‌ കൊണ്ട് മൂടിയതും അപകടത്തിന്റെ ആഴം കൂട്ടി. ആളുകളുടെ അലമുറ കേട്ട് തൊട്ടടുത്തുള്ള വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ ചെറുബോട്ടുകളുമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബോട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണവരെ എളുപ്പത്തിൽ രക്ഷിക്കാനായി. ഉള്ളിൽ കുടുങ്ങിപ്പോയവർക്ക് ബോട്ട് ചെളിയിലേക്ക് ആണ്ടുപോയപ്പോൾ രക്ഷപ്പെടാനായില്ല.

മരിക്കാത്ത ഓർമ്മകളുമായി കുന്നുമ്മൽ കുടുംബം

പരപ്പനങ്ങാടി പുത്തൻ കടപ്പുറം കുന്നുമ്മൽ സെയ്തലവിയുടെ വീട്ടിലെ

11 പേരെയാണ് പൂരപ്പുഴ ബോട്ടപകടത്തിൽ മരണം കൊണ്ടുപോയത്. സെയ്തലവിയുടെ ഭാര്യ സീനത്തും മക്കളായ ഹസ്നയും ഷംനയും ഷഫ്‌ലയും ഫിദ ദിൽനയും സെയ്തലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീനയും മക്കളായ സഹ്‌റയും ഫാത്തിമ റൂഷ്‌ദയും 8 മാസം പ്രായമുള്ള നൈറ ഫാത്തിമയും അപകടത്തിൽ മരിച്ചു. ഇവരുടെ വീട്ടിൽ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ബന്ധു കൂടിയായ ജാബിറിന്റെ ഭാര്യ ജൽസിയയും മകൻ ജരീറും മരിച്ചവരിൽ ഉൾപ്പെടുന്നു. ബോട്ടപകടത്തിൽ ഏറ്റവുമധികം ജീവൻ നഷ്ടപ്പെട്ട കുടുംബമാണിത്.

ഞെട്ടൽ മാറാതെ രാജീവ്

അപകടം നടന്നിട്ട് ഒരു വർഷമായെങ്കിലും റിട്ട. അദ്ധ്യാപകനായ ചക്കക്കാട്ടിൽ രാജീവിനത് നടുക്കുന്ന ഓർമ്മയാണ്. സംഭവം നടക്കുമ്പോൾ വീടിന്റെ മുന്നിലിരിക്കുകയായിരുന്നു അദ്ദേഹം. ദൂരെ നിന്നുള്ള നേരിയ നിലവിളി ശബ്ദം കേട്ട് നോക്കിയപ്പോൾ പുഴയിലേക്ക് താഴ്ന്നു പോകുന്ന ഒരു ബോട്ടാണ് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് നാട്ടുകാരെയും അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു. നിമിഷങ്ങൾക്കകം ആളുകൾ തടിച്ചുകൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിട്ടുമാറാതെ പരിക്കിന്റെ ആഘാതം

അപകടത്തിൽ പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്കായുള്ള ജാബറിന്റെ ഓട്ടം ഇപ്പോഴും തീർന്നിട്ടില്ല. ഭാര്യയേയും മകനേയുമാണ് ജാബിറിന് അപകടത്തിൽ നഷ്ടപ്പെട്ടത്. രണ്ട് പെൺമക്കളും അപകടത്തിൽ പെട്ടെങ്കിലും രക്ഷപ്പെട്ടു. പത്തു വയസ്സുകാരി ജർഷയും എട്ടുവയസുകാരി ജന്നയും ഇന്നും അപകടത്തിന്റെ തുടർച്ചയായുള്ള ചികിത്സകളിലാണ്. ജ‌ർഷയ്ക്ക് നടുവിനേറ്റ പരിക്ക് ഇപ്പോഴും അലട്ടുന്നുണ്ട്. ജന്നയ്ക്ക് തലയ്ക്കായിരുന്നു പരിക്ക്. തുടച്ചയായുണ്ടാകുന്ന തലവേദനയ്ക്ക് ചികിത്സയിലാണ് ജന്ന. നഷ്ടപരിഹാരമായി കിട്ടിയ തുകയൊക്കെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഇപ്പോൾ ചികിത്സ തുടരുന്നത്. മത്സ്യത്തൊഴിലാളിയായ ജാബിർ തന്റെ ഉപജീവനമാർഗ്ഗമായ വള്ളവും മക്കളുടെ ചികിത്സയ്ക്കായി വിറ്റു. ജോലിക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ്. തുടർ ചികിത്സയ്ക്കുള്ള ധനസഹായത്തിന് പല വാതിലുകളും മുട്ടിയെങ്കിലും ഒന്നും നടന്നില്ല.

എങ്ങുമെത്താത്ത അന്വേഷണം

സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നു. പക്ഷേ, സംഭവം അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൻ അന്വേഷണവും ഇഴയുകയാണ്. കമ്മിഷന്റെ രണ്ട് സിറ്റിംഗ് തിരൂരിൽ നടന്നിരുന്നു. എന്നാൽ മൊഴി നൽകാൻ കൂടുതൽ സമയം വേണമെന്ന് പലരും ആവശ്യപ്പെട്ടു. മൊഴിയെടുപ്പ് പൂർത്തിയായാലേ അടുത്ത ഘട്ടത്തിലേക്ക് അന്വേഷണം കടക്കൂ. ഇനിയും അന്വേഷണം നീളുമോയെന്ന ആശങ്ക ഇരകളുടെ കുടുംബങ്ങൾക്കുണ്ട്.