bb

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കടുക്കുമ്പോൾ ജില്ലയിൽ ലൈസൻസിനായി അപേക്ഷ സമർപ്പിച്ച് റോഡ് ടെസ്റ്റിന് കാത്തിരിക്കുന്നത് 27,929 പേർ. മലപ്പുറം ആർ.ടി.ഒ ഓഫീസിന് കീഴിലാണ് കൂടുതൽ അപേക്ഷകരുള്ളത്,​ 10,019 പേർ. പുതിയ സർക്കുലർ പ്രകാരം ഒരുദിവസം 40 പേർക്കാണ് ടെസ്റ്റിന് അനുമതിയുള്ളത്. ഇതുപ്രകാരം, നിലവിലുള്ള അപേക്ഷകരുടെ റോഡ് ടെസ്റ്റ് പൂർത്തിയാവാൻ ഒമ്പത് മാസമെങ്കിലും വേണ്ടിവരും.

1,350 അപേക്ഷകരുള്ള തിരൂരങ്ങാടിയിലാണ് ഏറ്റവും കുറവ്. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നീ ആർ.ടി.ഒ ഓഫീസുകളാണ് ജില്ലയിലുള്ളത്.
ഏപ്രിൽ 30ന് ശേഷം റോഡ് ടെസ്റ്റുകൾ നടത്തിയിട്ടില്ല. മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, നിലമ്പൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ജില്ലയിൽ ആർ.ടി.ഒ ഓഫീസുകളുള്ളത്.

പ്രതിഷേധം കനക്കുന്നു

ടെസ്റ്റിംഗ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരിക്കുന്നതിന് സർക്കുലർ ഇറക്കിയതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ മുഴുവൻ ആർ.ടി.ഒ ഓഫീസുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങളിലെല്ലാം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം കാരണം ആരും ടെസ്റ്റിന് ഹാജരായില്ല. എം.വി.ഐമാരും എ.എം.വി.ഐമാരും പരിശോധനാ കേന്ദ്രങ്ങളിൽ അല്പനേരം കാത്തുനിന്ന ശേഷം മടങ്ങിപ്പോവുകയായിരുന്നു. റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഇന്നു മുതൽ നടപ്പാക്കാനാണ് നിർദേശം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കരുതെന്നും പുതിയ സർക്കുലർ പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ പരിഷ്‌ക്കരണത്തിനെതിരായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. മലപ്പുറത്ത് പ്രതിഷേധക്കാർ ടെസ്റ്റിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായി.

ജില്ലയിലെ ആർ.ടി.ഒ ഓഫീസുകളും... അപേക്ഷകരുടെ എണ്ണവും

മലപ്പുറം - 10,019
കൊണ്ടോട്ടി- 4,888
തിരൂർ - 4550
പൊന്നാനി - 2,000
നിലമ്പൂർ - 2112
തിരൂരങ്ങാടി 1350
പെരിന്തൽമണ്ണ 3010