മലപ്പുറം: പൊരിവെയിലിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ കുട്ടികൾക്ക് ഫ്രൂട്ട്സും ജ്യൂസും രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ എ.സി ഹാളും നൽകിയ മലപ്പുറം മഅദിൻ അക്കാഡമി ശ്രദ്ധാകേന്ദ്രമായി. മത്സര പരീക്ഷകളെഴുതാൻ കുട്ടികൾക്കൊപ്പം എത്തുന്ന രക്ഷിതാക്കൾ പരീക്ഷാകേന്ദ്രങ്ങൾക്കു പുറത്ത് ഇരിക്കാൻപോലും സൗകര്യമില്ലാതെ വിഷമിക്കുന്ന കാഴ്ച പതിവാണ്. ലഭ്യമായ സൗകര്യങ്ങൾപോലും ഉപയോഗിക്കാൻ അനുവദിക്കാതെ സെക്യൂരിറ്റി ജീവനക്കാരും മറ്റും ഇടപെടുന്നതും പതിവുകാഴ്ചയാണ്. ഇതിനു മാറ്റം കുറിക്കാൻ മലപ്പുറത്തെ മഅദിൻ അക്കാദമി അധികൃതർ തീരുമാനിച്ചപ്പോൾ നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ മനംനിറഞ്ഞു. മഅദിൻ പബ്ലിക് സ്‌കൂളിലും മഅദിൻ പോളിടെക്നിക് കോളേജിലുമായി 1,632 കുട്ടികളാണ് നീറ്റ് പരീക്ഷയ്ക്കെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സെന്ററായിരുന്നു ഇത്.
രക്ഷിതാക്കളും മറ്റുമായി 2,986 പേർ എത്തിയിരുന്നു. വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന വേളയിൽ രക്ഷിതാക്കൾക്കായി കുട്ടികളുടെ തുടർ പഠനാവസരങ്ങളും വിദ്യാഭ്യാസഭാവിയും ചർച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പരീക്ഷ കഴിയും വരെ വെറുതെ തള്ളിനീക്കേണ്ട സമയത്ത് ഉപകാരപ്രദമായ ക്ലാസ് ലഭിച്ചതിന്റെ സംതൃപ്തിയിലായിരുന്നു രക്ഷിതാക്കൾ. ഇവർക്ക് ചായയും സമൂസയും നൽകിയപ്പോൾ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾക്ക് വിവിധ ഫ്രൂട്ട്സുകളടങ്ങിയ ബോക്സും ജ്യൂസും നൽകി. കാമ്പസിൽ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും സജ്ജീകരിച്ചിരുന്നു. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഫോട്ടോ പ്രിന്റിംഗ്, ആവശ്യമായ ഡോക്യുമെന്റുകൾ പ്രിന്റെടുക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും വൊളണ്ടിയേഴ്സിന്റെ കൃത്യമായ ഇടപെടലും പരീക്ഷയ്ക്കെത്തിയവർക്കെല്ലാം ആശ്വാസമേകി.
കുട്ടികൾക്കൊപ്പം എത്തുന്ന രക്ഷിതാക്കൾ വഴിയോരത്തും മറ്റും നിന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇതിനൊരു മാറ്റം വേണം. ഒരു മാതൃക മുന്നോട്ടുവച്ചാൽ മറ്റുള്ളവരും അതു പിൻപറ്റും.
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി,
മഅദിൻ ചെയർമാൻ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി