kunnumuhamamed
എ.ടി. കുഞ്ഞിമുഹമ്മദ്

മലപ്പുറം: ചുട്ടു പൊള്ളുന്ന ചൂടിൽ ജനം പുറത്തിറങ്ങാൻ മടിക്കുമ്പോൾ പ്രതിസന്ധിയിൽ വിയർത്ത് ജില്ലയുടെ വ്യാപാര മേഖല. കച്ചവടം കുറഞ്ഞതോടെ ജീവനക്കാരുടെ വേതനം കൊടുക്കാൻ പോലും പലരും ബുദ്ധിമുട്ടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും വേനൽ കടുത്തത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിവച്ചു. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് നാടുകാണി വഴിയുള്ള പച്ചക്കറി വരവ് കുറഞ്ഞു.

ചൂടും ജലക്ഷാമവും നിർമ്മാണ മേഖലയെ തളർ‌ത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. നിർമ്മാണ മേഖലയിലെ പ്രതിസന്ധി ക്വാറി മുതൽ ഹോട്ടൽ മേഖലയെ വരെ ബാധിച്ചിട്ടുണ്ട്. വേനൽ മഴയൊന്ന് കനിഞ്ഞാൽ വ്യാപാര മേഖലയിലെ കാർമേഘം നീങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

കച്ചവടം തീരെ കുറവാണ്. ചൂടും വരൾച്ചയും കാരണം പച്ചക്കറികൾക്കെല്ലാം വില കൂടുതലാണ്. അതുകൊണ്ട് തന്നെ ആളുകൾ കുറച്ച് പച്ചക്കറിയേ വാങ്ങുന്നുള്ളൂ. മൂന്നും നാലും ദിവസത്തേക്കുള്ള പച്ചക്കറി ഒരുമിച്ച് വാങ്ങുന്നവർ ഇപ്പോൾ ഒരുദിവസത്തേക്കുള്ള പച്ചക്കറിയേ വാങ്ങുന്നുള്ളൂ.

സി.കെ. അസ്‌കർ, പച്ചക്കറി വ്യാപാരി, കുന്നുമ്മൽ

സാധാരണഗതിയിൽ വേനലിൽ ജ്യൂസ് കച്ചവടം കൂടാറാണ് പതിവ്. വേനൽ കടുത്തതോടെ സാധാരണക്കാരന് ജോലിയില്ല. ആരും പുറത്തിറങ്ങുന്നുമില്ല. ആളുകൾ ഇറങ്ങിയാലല്ലേ കച്ചവടം ഉണ്ടാവൂ.

എ.ടി. കുഞ്ഞിമുഹമ്മദ് , കൂൾബാർ ഉടമ, മലപ്പുറം

രാവിലെ 11 കഴിഞ്ഞാൽ ചൂട് കാരണം ആളുകൾ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങുന്നില്ല. കച്ചവടം പൊതുവേ കുറവാണ്. ചൂട് കുറവുള്ള സമയത്തേ ആളുകൾ കടകളിലേക്കെത്തൂ. രാവിലെ ആറിന് കട തുറക്കും. രാത്രി 11 വരെ കച്ചവട സമയം നീട്ടിയിട്ടുണ്ട്.

സിദ്ദിഖ്, പലചരക്ക് വ്യാപാരി, കുന്നുമ്മൽ

കച്ചവടം തീരെ മോശമാണ്. മുമ്പൊക്കെ പുറത്ത് നിന്ന് ഓർഡറുകളും മറ്റും കിട്ടുമായിരുന്നു. ഇപ്പോൾ കടയിലെ നാല് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാത്രമുള്ള കച്ചവടം പോലും നടക്കുന്നില്ല. ചൂട് കൂടിയതോടെ ചായ കുടിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. എണ്ണപ്പലഹാരത്തിന്റെ ആവശ്യകതയും കുറ‌ഞ്ഞു

ടി.ഷംസുദ്ദീൻ, കുഞ്ഞാക്കാന്റെ ചായക്കട, മലപ്പുറം ടൗൺ

ചൂട് മൂലം ആളുകൾ പുറത്തിറങ്ങുന്നത് കുറവായതിനാൽ ഓട്ടം വളരെ കുറവാണ്. നേരത്തെ വൈകിട്ട് ആറ് വരെയായിരുന്നു ഓടിയിരുന്നത്. ഇപ്പോൾ രാത്രി ഒമ്പത് വരെയൊക്കെ ഓടും. എന്നിട്ടും 500 രൂപ പോലും കിട്ടുന്നില്ല. ഈ അവസ്ഥയിൽ എങ്ങനെ ജീവിക്കും.

എം. സുരേഷ്,​ ഓട്ടോ ഡ്രൈവർ,​ കുന്നുമ്മൽ.

രാവിലെ പത്ത് കഴിഞ്ഞാൽ ലോട്ടറി വാങ്ങാൻ പോലും ആളുകൾ എത്തുന്നില്ല. കടുത്ത ചൂട് മൂലം നിർമ്മാണ മേഖലയിൽ അടക്കം പണിയില്ല. ലോട്ടറി വാങ്ങുന്നവരിൽ നല്ലൊരു പങ്കും സാധാരണക്കാരാണ്. ചൂട് കുറഞ്ഞാൽ എല്ലാം ശരിയാവും.

പി.ഉണ്ണി,​ ലോട്ടറി കച്ചവടക്കാരൻ,​ മൂന്നാംപടി