fire
.

ടി.എ രാജഗോപാൽ

നിലമ്പൂർ: മൂവായിരം വനമേഖലയിൽ കാട്ടുതീ അണക്കാനാകാതെ പടരുന്നത് ആദിവാസി കുടുംബങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. വെണ്ണേക്കോടിലെ മുതുവാൻ കോളനികളിലെ 30 കുടുംബങ്ങളും കാട്ടുനായക്കൻ കോളനികളിലെ 20 കുടുംബങ്ങളും കാട്ടുതീ ഭീതിയിലാണ്. നിലമ്പൂർ നോർത്ത് ഡിവിഷനിൽ എടവണ്ണ റെയ്ഞ്ചിൽ എടക്കോട് വനം സ്റ്റേഷൻ പരിധിയിൽപ്പെട്ടവനമേഖലയാണിത്. എന്നാൽ 3000 വന മേഖലയുടെ പടിഞ്ഞാറുഭാഗം അളക്കൽ വിജയപുരം ഉത്രാടം തോട് 3000 വനമേഖലയുടെ അതിർത്തി പങ്കിടുന്ന വടക്കുഭാഗത്തെ കുറുവമ്പുഴ മുതൽ തെക്കുഭാഗം പങ്കിടുന്ന ഓടക്കയം വെറ്റിലപ്പാറ വില്ലേജ് തുടങ്ങിയവയെല്ലാം 3000 വനമേഖലയുടെ ഭാഗങ്ങളാണ്. വളരെ ഉയരത്തിൽ കത്തുന്ന തീ അണയ്ക്കുവാൻ അഗ്നി രക്ഷാ സേനാംഗങ്ങൾ ശ്രമം നടത്തുന്നുവെങ്കിലും റോഡുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാതെ തിരിച്ചു പോകേണ്ട അവസ്ഥയാണുണ്ടാവാറുള്ളത്.
മൂലേപ്പാടത്തിനും വെണ്ണേക്കോട് ആദിവാസി കോളനിക്കുമിടയിലാണ് തീ പടരുന്നത്. നിലമ്പൂരിലെ പ്രധാന വനമേഖലകളിൽ ഒന്നാണിത്. വെണ്ണേക്കോടിലെ മുതുവാൻ കോളനികളിലെ 30 കുടുംബങ്ങളും കാട്ടുനായക്കൻ കോളനികളിലെ 20 കുടുംബങ്ങളും താമസിക്കുന്ന ഭാഗങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി തീ കത്തുന്നത്. ഈ വനമേഖലയിലും സമീപത്തെ കുറുവൻ പുഴയിലും വ്യാപകമായി മാലിന്യ നിക്ഷേപം നടത്തുന്നതായി പരാതിയുണ്ട്. ടൂറിസ്റ്റുകളുടെ അതിക്രമങ്ങൾ ആദിവാസികളുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ടെന്നും ചാലിയാർ പഞ്ചായത്ത് ഷിബി അമ്പാട്ട് പറഞ്ഞു. മദ്യപൻമാരുടെ വിഹാരകേന്ദ്രവുമായി ഈ മേഖല മാറിയിട്ടുണ്ട്. വനംവകുപ്പ് ഈ മേഖലയിൽ പരിശോധനകൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
വന്യമൃഗങ്ങളുടെ ആവാസ മേഖലകൂടിയായ മൂവായിരം വനമേഖലയിൽ കഴിഞ്ഞ മാസവും ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിരുന്നു. ഫയർലൈൻ ഉൾപ്പെടെ കാര്യക്ഷമതയോടെ നടപ്പാക്കിയാൽ കാട്ടുതീയിൽ വനത്തിലുണ്ടാക്കുന്ന വലിയ നഷ്ടം ഒഴിവാക്കാൻ കഴിയുമായിരുന്നു. തേൻ ശേഖരിക്കുന്നതിനായിട്ട് തീ ഉപയോഗിക്കുന്നതു സംബന്ധിച്ചു ആദിവാസി മേഖലയിലുള്ളവർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്ന് ഡി.എഫ്.ഒ പി.കാർത്തിക് പറഞ്ഞു. ആദിവാസി മേഖലയിലുള്ളവരെ സംരക്ഷിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും ഡി.എഫ്.ഒ പറഞ്ഞു. തീപിടിത്തത്തിൽ നിന്നു ആദിവാസികളെയും വന്യസമ്പത്തിനേയും സംരക്ഷിക്കാൻ കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കണമെന്ന് മുതുവാൻ കോളനിയിലെ മൂപ്പൻ ചന്ദ്രൻ ആവശ്യപ്പെട്ടു.
കാടിനെ ആശ്രയിക്കുന്ന ആദിവാസി കുടുംബങ്ങൾ തങ്ങൾ തേൻ എടുത്ത് തങ്ങളുടെ കുടുംബങ്ങളെ പോറ്റുന്ന കാടിനെ സംരക്ഷിക്കാൻ ആദിവാസികൾ ജാഗരൂകരാണെന്നും തീ പടരുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും മുതുവാൻ കോളനിയിലെ മൂപ്പൻ ചന്ദ്രൻ പറയുന്നു.