പൊന്നാനി: മഴക്കാലമാകാൻ സമയമായിട്ടും ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാതെ പൊന്നാനി നഗരസഭ. മഴക്കാലത്തിനു മുൻപ് നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ നഗരസഭയിലെ പല പ്രദേശങ്ങളും ഇത്തവണ കടുത്ത വെള്ളകെട്ടിലാകും. കുട്ടാട് ,ഹൗസിംഗ് കോളനി, അഞ്ചു കണ്ണി പാലം തുടങ്ങിയ പ്രദേശങ്ങളിലെ ഡ്രൈനേജുകൾ കഴിഞ്ഞ മഴക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്താഞ്ഞതിനാൽ നഗരസഭയിലെ പല വാർഡുകളിലും മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ വലിയ തോതിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി.
തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണ പ്രവൃത്തികൾ ചെയ്തുിരുന്നത്. എന്നാൽ തൊഴിലാളികൾക്ക് കൃത്യമായി കൂലി ലഭിക്കാത്തതിനെ തുടർന്ന് ഇത്തവണ തൊഴിലുറപ്പുകാരും ജോലിക്കിറങ്ങിയില്ല.
കഴിഞ്ഞ വർഷം ചെറിയ മഴയിൽ തന്നെ ചമ്രവട്ടം ജംഗ്ഷൻ അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു.
ജനങ്ങളുടെ ആശങ്കയ്ക്ക് പൊന്നാനി നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണം ഒപ്പം കൂലി ലഭിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉടൻ കൂലി നൽകണം
പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൊടുക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനാലാണ്. അടുത്ത ആഴ്ചയിൽ തന്നെ ശുചീകരണ പ്രവർത്തനം ആരംഭിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവർക്കും നൽകാനുള്ള കൂലി ഉടൻ തന്നെ കൊടുത്തു തീർക്കും
പൊന്നാനി നഗരസഭ സെക്രട്ടറി