മലപ്പുറം: ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കരിപ്പൂരിൽ 14 സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയതോടെ 1400 പേരുടെ യാത്ര മുടങ്ങി. ചൊവ്വാഴ്ച രാത്രി രണ്ടും ഇന്നലെ 12 സർവീസുകളുമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. റാസൽ ഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്‌റൈൻ വിമാനങ്ങൾ റദ്ദാക്കി. രാവിലെ ഏഴും വൈകിട്ട് അഞ്ചും സർവീസുകളാണ് ഇന്നലെ എയർ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്ന് കരിപ്പൂരിലേക്കുള്ള നാല് സർവീസുകളും നടന്നില്ല.
പ്രതിഷേധിച്ച യാത്രക്കാരും എയർഇന്ത്യ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിമാനം റദ്ദാക്കപ്പെട്ട സാഹചര്യം ഗൾഫിലെ തൊഴിലുടമകളെ അറിയിച്ചെങ്കിലും അനുകൂല മറുപടി ലഭിക്കാത്തവർ ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. ടാക്സി വിളിച്ചും മറ്റും ഏറെ ദൂരം താണ്ടി കരിപ്പൂരിലെത്തിയ യാത്രക്കാർക്ക് താമസ സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറായില്ല. ഇന്നത്തെ വിമാനത്തിൽ യാത്ര ഉറപ്പ് ലഭിച്ചവർ സമീപത്തെ ഹോട്ടലുകളിൽ സ്വന്തം നിലയ്ക്ക് താമസിച്ചു.