മലപ്പുറം: ജീവനക്കാരുടെ കുറവ് മൂലം ജില്ലാ ഉപഭോക്തൃ കോടതിയിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 1,010 കേസുകൾ. 2018 മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള കേസുകളാണിത്. മൂന്ന് മാസത്തിനകം പരാതിയിൽ തീർപ്പുണ്ടാക്കണമെന്നാണ് നിയമം. വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നിരിക്കെയാണ് ജീവനക്കാരുടെ കുറവുമൂലം ഉപഭോക്തൃ ഫോറത്തിന്റെ പ്രവർത്തനം ഇഴയുന്നത്.
ഓരോ വർഷവും കേസുകളുടെ എണ്ണം കൂടുമ്പോഴും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല. ജില്ലാ ഫോറം പ്രസിഡന്റും രണ്ട് മെമ്പർമാരുമുള്ള ജില്ലാ ഉപഭോക്തൃ പാനലും 14 ജീവനക്കാരുമാണ് ഇവിടെയുള്ളത്. അധിക സമയം ജോലിയെടുത്താണ് പരാതികൾ പരിഗണിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഈ വർഷം മാർച്ച് വരെ 230 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എട്ട് കേസുകൾ മാത്രമാണ് തീർപ്പാക്കാനായത്. കഴിഞ്ഞ വർഷത്തെ 780 കേസുകളിൽ 282 എണ്ണവും തീർപ്പാക്കി. 468 കേസുകളിൽ തുടർനടപടി എടുത്തിട്ടില്ല.
വർഷം.......... പരാതികൾ............ തീർപ്പാക്കിയത്............ തീർപ്പാക്കാനുള്ളത്
2021............ 403................................... 357............................................ 46
2022............. 523 ................................... 374 .......................................... 149
2023 ............. 750 .................................. 282 .......................................... 468
2024 .............. 230................................. 8 ............................................. 222
നിയമം ഉപഭോക്താവിനൊപ്പം
സാധനങ്ങളിലോ സേവനങ്ങളിലോ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമം. കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ഇൻഷ്വറൻസ് തുടങ്ങിയവയിൽ നിന്നും അർഹതപ്പെട്ട സേവനങ്ങൾ ലഭ്യമാവാതിരിക്കുകയോ കഷ്ടനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്ത കേസുകളാണ് ഉപഭോക്തൃ ഫോറത്തിന് മുന്നിലെത്തുന്നത്. 20 ലക്ഷം രൂപ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ കോടതിയിൽ സമർപ്പിക്കാം. ഒരുകോടി വരെയുള്ളവ സംസ്ഥാന കമ്മിഷനിലും ഇതിന് മുകളിൽ ദേശീയ കമ്മിഷനിലുമാണ് പരാതി നൽകേണ്ടത്.
അവകാശം സംരക്ഷിക്കാം
ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിച്ചത് മൂലം കമ്മിഷനിൽ എത്തുന്ന പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്.
എ.ടി. ഷാജി, അസിസ്റ്റന്റ് രജിസ്ട്രാർ