മലപ്പുറം: നിക്കാഹിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു. പുളിക്കൽ വലിയപറമ്പിലെ കണ്ണാടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ റജ ഫാത്തിമ (എട്ട്), പൂക്കോട്ടുംപാടം മാമ്പറ്റ ചോലയിൽ ജംഷീറിന്റെ മകൾ ജിയ (ഒൻപത്) എന്നിവരാണ് മരിച്ചത്. മേൽമുറി പൊടിയാടിന് സമീപത്തെ ക്വാറിയിലാണ് അപകടം. രണ്ടു കുട്ടികളും സഹോദരിമാരുടെ മക്കളാണ്. കുട്ടികളുടെ അമ്മാവന്റെ നിക്കാഹ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. പിന്നാലെ കുട്ടികളെ കാണാതായി. കുട്ടികൾ ക്വാറിയിലേക്കുള്ള വഴി ചോദിച്ചിരുന്നെന്ന് സമീപവാസി അറിയിച്ചതോടെ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു. വൈകിട്ടോടെയാണ് ഒരുകിലോമീറ്ററോളം അപ്പുറത്തുള്ള ക്വാറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതോടെ നിക്കാഹ് വീട് കൂട്ടകരച്ചിലിന് വഴിമാറി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിയ. സുനിലയാണ് മാതാവ്. വലിയപറമ്പ് വെസ്റ്റ് എ.എം എൽ.പി എസ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് റജ ഫാത്തിമ. പുളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് മെമ്പർ ഷംലയാണ് മാതാവ്.