jaundice

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മാസം ഹെപ്പറ്റൈറ്റിസ് മരണം മൂന്നായി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി സക്കീർ, കാളികാവ് ചോക്കാട് സ്വദേശി ജിഗിൻ എന്നിവരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചതിനെ തുടർന്ന് ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ 14കാരൻ ജിഗിൻ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. രോഗം ബാധിച്ച ജിഗിന്റെ സഹോദരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അച്ഛൻ ചന്ദ്രൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പോത്തുകൽ കോടാലിപൊയിൽ സ്വദേശി സക്കീർ ( 35) ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. രോഗം കരളിനെ ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചാലിയാർ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ചിരുന്നു.
മാർച്ച് മാസം ഒരു മരണവും ഏപ്രിലിൽ നാല് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം എട്ടായി. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3,184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1,032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോത്തുകല്ല്, കുഴിമണ്ണ, ഓമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം വ്യാപിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പോത്തുകല്ലിലും ചാലിയാറിലും ഇന്ന് അടിയന്തര യോഗം ചേരും.