പൊന്നാനി: മത്സ്യതൊഴിലാളി മേഖല കടുത്ത സ്തംഭനാവസ്ഥയിൽ. ബോട്ടുകൾ പലതും കടുത്ത നഷ്ടം സഹിച്ചാണ് നിലവിൽ ഈ മേഖലയിൽ നിലനിൽക്കുന്നത്. ഡീസൽ വിലവർദ്ധനവ് മേഖലയെ ഏറെ ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകൾ ഏകദേശം മൂന്നു ദിവസത്തോളം കടലിൽ കഴിയണമെങ്കിൽ തന്നെ അഞ്ഞൂറ് മുതൽ അറുനൂറു ലിറ്റർ ഡീസൽ വേണ്ടി വരും. എന്നാൽ ഒരാഴ്ച കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ഏകദേശം രണ്ടായിരം ലിറ്റർ ഡീസൽ ആവശ്യമാണ് ഒപ്പം എട്ടു തൊഴിലാളികൾ വരെ ഓരോ ചെറുബോട്ടിലും ജീവനക്കാരായി ഉണ്ടാകുകയും ചെയ്യും. വലിയ ബോട്ടിൽ ആണെങ്കിൽ പന്ത്രണ്ട് മുതൽ പതിനാല് വരെ നീളും ജീവനക്കാരുടെ എണ്ണം. ഇവർ കടലിൽ കഴിയുന്ന ദിവസത്തിന് ഒരാൾക്ക് അഞ്ഞൂറ് രൂപ വരെ ബത്തയായി ഉടമ നൽകണം. ഒപ്പം മീൻ സൂക്ഷിക്കാനുള്ള ഐസ്, പലചരക്കു സാധനങ്ങൾ എന്നീ വകയിലും ചിലവ് വരും. അറ്റകുറ്റപ്പണികൾക്കും ചിലവ് വകയിരുത്തണം. ബോട്ട് ഉടമയ്ക്ക് ഇതും കഴിഞ്ഞ് കിട്ടുന്നത് മാത്രമാണ് ലാഭം. പലപ്പോഴും ചിലവ് കഴിഞ്ഞു ലാഭം കിട്ടുന്ന അവസ്ഥ പല മത്സ്യതൊഴിലാളി ഉടമകൾക്കുമില്ല. അതിനാൽ തന്നെ സാമ്പത്തികപ്രായസത്തിലാണ് മിക്കവരും. ഈ മാസങ്ങളിൽ ലഭിക്കുന്ന ലാഭം കൊണ്ട് കഷ്ടപ്പാടുകൾ മറികെടക്കാം എന്ന പ്രതീക്ഷയിലായിരുന്നു പല മത്സ്യതൊഴിലാളികളും. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ പല ബോട്ടുകളും ജോലിക്ക് ആളില്ലാതെ പൊന്നാനി ഹാർബറിൽ നിറുത്തിയിട്ടിരിക്കുകയാണ്.

ജീവൻ

പണയം വച്ച്


കാലപ്പഴക്കത്താൽ ബോട്ടുകൾ കേടുവന്നതിനാൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത് ജീവൻ പണയം വച്ചാണ്. കടൽക്ഷോഭങ്ങളിലും മഴക്കാലങ്ങളിലും വലിയ ബുദ്ധിമുട്ടുകൾ താണ്ടിയാണ് മത്സ്യബന്ധനതൊഴിലാളികൾ അന്നം തേടുന്നത്. പല ബോട്ടുകളും കെട്ടികിടക്കുന്ന അവസ്ഥയും പൊന്നാനി ഹാർബറിൽ കാണാം. പുതുതലമുറ ഈ മേഖലയിലേക്ക് കാര്യമായി വരാത്തതിനാൽ പല ബോട്ടുകളും ആശ്രയിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. എന്നാൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ തൊഴിലാളികൾ നാട്ടിൽ പോയതിനാൽ പല മത്സ്യബന്ധന ബോട്ടുകളും നിലവിൽ പൊന്നാനി ഹാർബറിൽ നിറുത്തിയിട്ടിരിക്കുകയാണ്. ജൂൺ മാസം പകുതിയോടെ ട്രോളിംഗ് നിരോധനം വരുന്നതോടെ രണ്ട് മാസക്കാലം ദാരിദ്രമാകുമെന്നാണ് പൊന്നാനിയിലെ ബോട്ട് ഉടമസ്ഥനായ സക്കീർ അഴീക്കൽ പറയുന്നത്. മുൻപ് നാല് ബോട്ടുകൾ സ്വന്തമായി ഉണ്ടായിരുന്നെങ്കിലും ഇന്ന് ആകെ ഒരു ബോട്ട് മാത്രമാണ് ഉള്ളത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിലവിൽ അതും വിൽക്കേണ്ട അവസ്ഥയിലാണെന്ന് സക്കീർ പറഞ്ഞു.

കൂടുതൽ പദ്ധതികൾ വേണം

പലപ്പോഴും തീരനിയമം തെറ്റിച്ചു കപ്പലുകൾ വരുന്നതും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും പല അപകടങ്ങൾ സംഭവിക്കുന്നതും എല്ലാം മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.മേഖലയിലേക്ക് തൊഴിലാളികൾ വരുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. ഒപ്പം പതിനഞ്ച് വർഷം കഴിഞ്ഞ ബോട്ടുകൾക്ക് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതും ഈ മേഖലയെ കൂടുതൽ പ്രതിസന്ധി കൂട്ടുന്നു. ഫിഷറീസ് വകുപ്പ് പല ബോട്ടുകൾക്കും നിസാരകാര്യങ്ങൾക്കും കടുത്ത ഫൈൻ ഇടുന്നതും ഈ മേഖലയെ ബുദ്ധിമുട്ടിലാക്കുന്നു. കടുത്ത ബുദ്ധിമുട്ട് നേരിടുന്ന മത്സ്യതൊഴിലാളി മേഖലക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്നാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവർ പറയുന്നത്.

കടുത്ത ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത് പലപ്പോഴും ഇവരുടെ സുരക്ഷിതത്വം എത്രമാത്രം ഉറപാകുന്നുണ്ട് എന്ന് പരിശോധിക്കേണ്ടി വരും