അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മലപ്പുറം സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ നില മാറ്റമില്ലാതെ തുടരുമ്പോൾ, ഈ മാരകരോഗം വരുത്തുന്ന നെഗ്ളേറിയ ഫൗലേറി എന്ന ആമീബയും വാർത്തകളിൽ നിറയുകയാണ്. അഞ്ചുവയസുകാരിക്കൊപ്പം രോഗം സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റു കുട്ടികളിലേത് 'അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്" അല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത് ആശ്വാസം. അതേസമയം, ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവർ ഈ അമീബയ്ക്കെതിരെ ജാഗ്രത പുലർത്തുക തന്നെ വേണം.
മസ്‌തിഷ്ക ജ്വരമുണ്ടാക്കുന്ന നെഗ്ലെറിയ ഫൗലേറി എന്ന അമീബയ്ക്ക് 'തലച്ചോറു തീനി" എന്ന, പേടിപ്പെടുത്തുന്ന വിളിപ്പേരു കൂടിയുണ്ട്. ഈ അമീബയുടെ സാന്നിദ്ധ്യമുള്ള ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനും കുളിക്കാനു മറ്റും ഇറങ്ങുമ്പോൾ വെള്ളത്തിലൂടെ, മൂക്കിലെ അസ്ഥികൾക്കിടയിലെ നേരിയ വിടവിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുക. തലച്ചോറിലെത്തുന്ന രോഗാണു അവിടെ അതിവേഗം വിഭജിച്ച് പെരുകും. തലച്ചോറിനെയും ആവരണങ്ങളെയും നാഡീവ്യൂഹത്തെയും ആക്രമിച്ച് കോശങ്ങളെ നശിപ്പിക്കും. പിന്നാലെ, നീർക്കെട്ടും ഒടുവിൽ മസ്തിഷ്‌ക മരണവും സംഭവിക്കും.
ഏകകോശജീവികളാണ് അമീബകൾ. ഒറ്റ ന്യൂക്ലിയസും അതിനെ പൊതിഞ്ഞ കോശവുമുള്ള അമീബകളിൽ പലതും രോഗകാരികളാകാമെങ്കിലും നെഗ്ലെറിയ ഫൗലേറി കൊടുംവില്ലനാണ്. മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ജ്വരം), എൻസഫലൈറ്റിസ് (മസ്തിഷ്ക വീക്കം) എന്നിവ ഒരേസമയം ഉണ്ടാക്കുന്നതിനാലാണ് ഈ രോഗത്തെ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്നു വിളിക്കുന്നത്. രോഗം വേഗത്തിൽ കണ്ടെത്തിയില്ലെങ്കിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യം. 97 ശതമാനത്തിനു മുകളിലാണ് മരണനിരക്ക്. രോഗം വഷളാകുന്ന ഘട്ടത്തിലേക്ക് പോകുന്നതിനു മുമ്പേ തിരിച്ചറിയാൻ മിക്കപ്പോഴും സാധിക്കാറില്ല.
അത്യപൂർവ രോഗമായതിനാൽ ചികിത്സയ്ക്കായി നല്കേണ്ട മരുന്നുകളെക്കുറിച്ചുള്ള ആശയക്കുഴപ്പവും മരുന്നുകളുടെ ലഭ്യതയില്ലായ്മയും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ കേരളത്തിൽ ഇതിനുള്ള മരുന്നുകൾ ലഭ്യമല്ല. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് പ്രധാനമായും രോഗബാധ കാണുന്നത്. മലപ്പുറം മുന്നിയൂരിലെ അഞ്ചു വയസുകാരി അടക്കം സംസ്ഥാനത്ത് ഇതുവരെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2016-ൽ ആലപ്പുഴ തിരുമലയിലെ ഒരു കുട്ടിയാണ് ആദ്യ ഇര. 2019-ലും 2020-ലും മലപ്പുറത്തും 2020-ൽ കോഴിക്കോടും 2022- ൽ തൃശൂരിലും കഴിഞ്ഞ വർഷം ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കഴിഞ്ഞ വർഷം രോഗബാധയേറ്റ പതിനഞ്ചുകാരൻ മരണത്തിനു കീഴടങ്ങി.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സി.ഡി.സി) കണക്കനുസരിച്ച് രാജ്യത്ത് 14 വർഷത്തിനിടെ 36 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. വെറുതേ വെള്ളത്തിലിറങ്ങുന്നതുകൊണ്ടോ കുളിക്കുന്നതുകൊണ്ടോ രോഗബാധയേല്ക്കണമെന്നില്ല. വെള്ളത്തിലേക്ക് എടുത്തുചാടുകയോ, ആയത്തിൽ നീന്തിമറിയുകയോ ചെയ്യുമ്പോൾ മൂക്കിലൂടെ വെള്ളം നെറുകയിൽ കയറുന്ന സാഹചര്യങ്ങളിലാണ് രോഗാണു തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. വായിലൂടെ ഈ വെള്ളം വയറ്റിലെത്തിയതുകൊണ്ട് രോഗബാധയുണ്ടാവില്ല.
രോഗത്തിന്റെ അപൂർവതയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അഭാവവും കാരണം കൃത്യമായ ചികിത്സ ഇപ്പോഴുമില്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക എന്നതു കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിറുത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യുന്നത്. ശക്തിയായ പനി, ഛർദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യും.
മരുന്നുകളുടെ സംയോജനമാണ് ചികിത്സയ്ക്കായി നിലവിൽ ഉപയോഗിക്കുന്നത്. ഫംഗസുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബി, ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിൻ, റിഫാംപിൻ, ആന്റി ഫംഗലായ ഫ്ളൂക്കോണസോൾ, അമീബ അണുബാധയ്ക്ക് എതിരെയുള്ള മിൽറ്റെഫോസിൻ, ഡെക്‌സമെതസോൺ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക പറഞ്ഞു.
(വിവരങ്ങൾ ശേഖരിച്ചത് ഷാബിൽ ബഷീർ, മലപ്പുറം)